ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ കല്യാണ സംഘം നടത്തിയ റോഡ് ഷോ ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചു. വെട്ടിക്കാട്ടിരി കെ.ജെ.എം ഓഡിറ്റോറിയത്തിൽ ആണ് സംഭവം. പള്ളം സ്വദേശിയും ആറ്റൂർ സ്വദേശിനിയുടെയും കല്യാണത്തിനായി വന്ന ഒരു സംഘം യുവാക്കൾ വാഹനങ്ങളുമായി സംസ്ഥാനപാതയിലൂടെ റോഡ് ഷോ നടത്തിയതോടെ ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
ഇവരുടെ പുറകിൽ വന്നിരുന്ന വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീർ ടിപ്പറിന്റെ ഹോൺ മുഴക്കി ഇവരോട് മുന്നോട്ടു പോകാൻ ആവശ്യപ്പെട്ടതാണ് സംഘർഷങ്ങളുടെ തുടക്കം. കല്യാണ സംഘത്തിലെ ഒരു സംഘം യുവാക്കൾ ഇയാളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി. തുടർന്ന് ഓഡിറ്റോറിയത്തിലേക്ക് കയറിയ ഇവർ പുറത്തേക്കിറങ്ങിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. ഇതോടെ സംഘർഷം കൂട്ടത്തല്ലിൽ അവസാനിച്ചു. പരസ്പരം കല്ലേറും മറ്റും ഉണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് ചെറിയ തോതിൽ പരിക്കേൽക്കുകയും, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തുടർന്ന് ചെറുതുരുത്തി പോലീസ് എത്തി ലാത്തി വീശിയാണ് ആളുകളെ പിരിച്ചുവിട്ടത്.



