കൂടാരവും, കൂട്ടുകാരും!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

മരുഭൂമിയിൽ പാർക്കുമ്പോഴും, ദൈവ സാന്നിധ്യത്തിന് വേണ്ടി കൊതിക്കുന്ന ഒരു യുവ സഹോദരൻ. ഈ കൂടാരത്തിൽ ആഖാൻ്റെ ബാബിലോണ്യ അങ്കിയില്ല, എന്നാൽ അരുളപ്പാടുണ്ട്. നയമാൻ്റെ ഉടുപ്പില്ല എങ്കിലും, ഉന്നതത്തിൽ അധിവസിക്കുന്ന ദൈവത്തിൻ്റെ സാന്നിധ്യമുണ്ട്. ഈ കൂടാരത്തിൽ മാടി വിളിക്കുന്ന കൂട്ടുകാർ ആരുമില്ല. എന്നാൽ കോരഹിനെയും, കൂട്ടുകാരെയും പാതാളത്തിൻ്റെ ഉള്ളറയിലേക്ക് തള്ളിയിട്ടവൻ്റെ സാന്നിധ്യമുണ്ട്. ഈ കൂടാരത്തിൽ അനുസരിക്കാത്ത ശൗൽ ഇല്ല, എന്നാൽ അനുതപിക്കുന്ന ദാവീദ് ഉണ്ട്. ഈ കൂടാരത്തിൽ തട്ടിപ്പിൻ്റെ തന്ത്രങ്ങൾ മെനഞ്ഞ അനന്യാസും കുടുംബവും ഇല്ല, എന്നാൽ ആലോചനയ്ക്ക് ചെവി കൊടുത്ത രാഹാബും കുടുംബവും ഉണ്ട്.

ഈ കൂടാരത്തിൽ മോശയ്ക്കും, അഹരോനും വിരോധമായി സംസാരിച്ച നാവുകൾ ഇല്ല, എന്നാൽ നിത്യതവരെ എത്തിക്കുന്ന ദൈവകൃപ ഇവിടെ വ്യാപരിക്കുന്നു. തർശീസ് കപ്പലുകളെ ഉടച്ചു കളയുന്ന കിഴക്കൻ കാറ്റിന്, ഈ കൂടാരത്തിൽ വസിക്കുന്നവനെ തൊടുവാൻ സാധ്യമല്ല. യോർദാൻ്റെ പെരുവെള്ളങ്ങൾ ഈ കൂടാരത്തിൽ വസിക്കുന്നവനെ മുക്കി കളയുകയില്ല.
ഈ കൂടാരത്തിൽ കൂട്ടുകാരില്ല, കൂടപ്പിറപ്പുകളും ഇല്ല. എങ്കിലും, ശവകുഴിയുടെ മറുകരയിലും വിടാതെ പിന്തുടരുന്ന ദൈവസാന്നിധ്യo ഉണ്ട്.

ഇന്നലയുടെ ദിനങ്ങളിൽ പിരിയാ ബന്ധമാണ് ഇതെന്ന് ഉറക്കെ പാടുമ്പോഴും യേശുവിനെ അകലം വിട്ട് അനുഗമിക്കുന്ന ജീവിതങ്ങൾ. പിതാവിൻ്റെ /കൂടാരത്തിൽ പാർത്തവൻ ഒരു ദിവസം പടികൾ ചവിട്ടിറങ്ങുന്നു. കാരണം എന്ത്? മാടിവിളിക്കുന്ന കൂട്ടുകാർ അകലെ നിൽക്കുന്നു. കൂടാരത്തേക്കാൾ കൂട്ടുകാരെ സ്നേഹിച്ചു കൊണ്ട് അവരോട് അടുത്തിരിക്കുവാൻ ഇറങ്ങിത്തിരിച്ചവൻ്റെ അവസാനം പന്നിയേക്കാൾ അധപ്പതിച്ചു. ഇത് നാശത്തിലേക്കുള്ള വഴിയത്രേ.

കൂടാരം മാറ്റിയടിച്ച് സോദോമിൻ്റെ നടുവിൽ കൂടാരത്തിൻ്റെ കുറ്റിയടിച്ചവനെ ദൈവം പിഴുതു മാറ്റി വലഞ്ഞു പോയ നീതിമാനെന്ന് പേരു കൊടുത്തു. ഏശാവിന് പയറു പായസം വിട്ടുപിരിയാൻ കഴിയാതെ വന്നപ്പോൾ അവകാശം നഷ്ടപ്പെട്ടു. ശൗൽ രാജാവ് വെളിച്ചപാടത്തിയുടെ കൂടാരത്തിൻ്റെ വാതിലിൽ മുട്ടിയപ്പോൾ സ്വർഗ്ഗത്തിൻ്റെ വാതിൽ അവനു മുമ്പിൽ അടക്കപ്പെട്ടു. ഇത് എത്ര ദയനീയം. ഏതു കൂടാരത്തിലാണ് സമയം ചിലവഴിക്കുന്നത് എന്നുള്ളതെന്നു വിചിന്തനം ചെയ്യേണ്ടത് ആവശ്യമത്രേ!

എന്നോട് അടുത്തു വരുവിൻ, എന്നാൽ ഞാൻ നിങ്ങളോട് അടുത്ത് വരും. ദൈവത്തിൻ്റെ കൂടാരത്തിൽ വസിക്കുവാൻ വാഞ്ചിക്കുന്ന ഭക്തൻ ഇങ്ങനെ പറഞ്ഞു, മാൻ നീർ തോടുകളിലേക്ക് ചെല്ലുവാൻ കൊതിക്കുന്നതുപോലെ ഉള്ളം ദാഹിക്കുന്നു.
യേശുവിനെ അനുധാവനം ചെയ്ത പലരും അവനെ വിട്ട് പിൻവാങ്ങിയപ്പോൾ, അവൻ പറയുന്നു, നിങ്ങൾക്കും പോകാം. അവൻ ആരെയും അവൻ്റെ കൂടാരത്തിൽ പിടിച്ചിരുത്തുന്നില്ല. എന്നാൽ രുചിച്ചറിഞ്ഞവൻ പറയും, ജീവനാല്‍ ആകട്ടെ, മരണത്താൽ ആകട്ടെ ഒരിക്കലും ഈ കൂടാരം വിട്ട് ഒരടി പോലും മുന്നോട്ടു പോകുകയില്ല.

ഈ യാത്രയിൽ ക്ലേശം ഉണ്ട് , ബന്ധങ്ങളുടെ ആഴം നമ്മെ ചേർത്തുപിടിക്കും. എന്നാൽ കടലാസ് കനം മാത്രം ആഴമുള്ള ബന്ധങ്ങൾ പെട്ടെന്ന് വീണുടയുന്നു. ദീർഘ വർഷങ്ങൾ ഒന്നിച്ചു പാർത്ത ഭാര്യയും, ഭർത്താവും വേർപിരിയുന്നു, ലാളിച്ച് മടിയിൽ വളർത്തിയ മക്കൾ മാതാപിതാക്കളെ പിരിയുന്നു . ലോകം മനുഷ്യനെ ബന്ധിപ്പിക്കുന്നില്ല. ബന്ധങ്ങളെ പിരിയിക്കുകയത്രെ ചെയ്യുന്നത് .

ധന്യനായ പൗലോസ് ദേമാസിനെ നോക്കി പറയുന്നു അവൻ ലോകത്തോട് പറ്റിയിരിക്കുന്നതുകൊണ്ട് എന്നെ വിട്ടു പോയി. എന്നാൽ യുവദമ്പതികളായ പ്രിസ്കയും, അക്വിലാവും കഴുത്തു വെച്ചു കൊടുക്കുവാൻ തല കുനിക്കുന്നു. ഇതത്രെ പിരിയാത്ത ബന്ധം. ഈ ഭക്തനും ജീവിതത്തിൻ്റെ സായം സന്ധ്യയിൽ തടവറയിൽ കിടക്കുമ്പോഴും ദൈവത്തിൻ്റെ കൂടാരത്തിൻ്റെ മറവിൽ നിർഭയം വസിക്കുകയാണ്. ഇരട്ടി അനുഗ്രഹം അവിടെ കിട്ടിയില്ല, ഈർച്ച വാൾ കഴുത്തിൽ ആഴ്ന്നിറങ്ങി. കഴുത്തു മുറിഞ്ഞു മാറിയെങ്കിലും ദൈവത്തിൻ്റ കൂടാരത്തിൻ മറവിൽ വസിച്ചവൻ ഇങ്ങനെ പറഞ്ഞു, മരിക്കുന്നത് ലാഭമത്രേ.

അവൻ എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും. ഏതിനോടാണ് വിട്ടുപിരിയാതിരിക്കുന്നത്? ലോകത്തോടോ? ദൈവത്തോടോ? അധികാരം വിട്ടു കൊടുക്കാതെ പറ്റിപ്പിടിക്കുന്ന ഹാമാനെ സ്വർഗ്ഗം തട്ടിത്തറപ്പിച്ചു. അഹങ്കാരവും, ഡംഭവും കോർത്തിണക്കി മാലയാക്കി കോട്ടയ്ക്കകത്ത് കട്ടിലിൽ കിടന്നവനെ, അവിടെ നിന്ന് ഇറക്കി, പുൽപ്പുറത്ത് കിടത്തിയിട്ട്, പുല്ല് തീറ്റിച്ച ദൈവം, യിശായിയുടെ കൂടാരത്തിൽ നിന്ന് അപ്പനും, അമ്മയും ഉപേക്ഷിച്ച് പുൽപ്പുറത്ത് കിടന്നവനെ എഴുന്നേൽപ്പിച്ച് തിരുനിവാസത്തിൻ്റെ മറവിൽ മറച്ചു. ഇതാണ് ദൈവത്തിൻ്റെ പദ്ധതി.

ഏലിയാവിനെ പിരിയാതെ വഴികൾ താണ്ടിയ എലീശയേ സ്വർഗ്ഗം തിരിച്ചറിഞ്ഞു. യോദ്ധാൻ അവനു മുമ്പിൽ നടുങ്ങുന്നു, വഴിമാറുന്നു. എന്നാൽ എലീശയെ പിരിഞ്ഞ് നയമാൻ്റെ രഥത്തിന് പുറകെ ഓടി, കൊതിച്ച് ചോദിച്ചു വാങ്ങിയത് കൂടാരത്തിൽ ഒളുപ്പിച്ച വിരുതനെ ദൈവം വെളുപ്പിച്ചു.

കഷ്ടതയുടെ ഇരുമ്പ് ചൂളയിൽ കൂടി ഭക്തനായ ഇയ്യോബ് കടന്നുപോയപ്പോൾ കൂട്ടുകാരും, ഭാര്യയും പറഞ്ഞു ഇവനെന്തോ കുഴപ്പമുണ്ട്. അവൻ എന്നെ കൊന്നാലും ഞാൻ അനവനായി കാത്തിരിക്കുമെന്ന് പറഞ്ഞുകൊണ്ട് , പൊടിയിലും, ചാരത്തിലും ഇരുന്നവനെ തമ്പുരാൻ കരം പിടിച്ചുയർത്തി. സാത്താൻ ഉടച്ച ഭക്തൻ്റെ കൂടാരത്തെ തമ്പുരാൻ വീണ്ടും പണിതുറപ്പിച്ചു.

ആളിക്കത്തുന്ന തീകുണ്ടം എബ്രായ ബാലന്മാരെ വിറപ്പിച്ചില്ല. പ്രമാണത്തെ
മാറോടണച്ച ആ യുവ ബാലന്മാരെ തമ്പുരാൻ ഹൃദയത്തിൽ ചേർത്തുപിടിച്ചു. അകലം വിട്ട് അനുഗമിക്കുന്നവരെ ദൈവം വെറുക്കുന്നു. മോശയോടും, വചനത്തോടും ചേർന്നിരിക്കേണ്ട കോരഹും കൂട്ടരും ദൂരത്ത് മാറിനിൽക്കുകയാണ്. മോശ പറയുന്നു അവരുടെ കൂടാരത്തെ വിട്ട് ഓടി പോകുക, അകന്നിരിക്കുക. എന്നാൽ ദൈവത്തിൻ്റെ കൂടാരത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ. ഭക്തൻ ചോദിക്കുന്നു യഹോവേ നിൻ്റെ കൂടാരത്തിൽ ആർ പാർക്കും? (സങ്കീർത്തനം 15:1) കൂട്ടുകാർ ഓടിപ്പോകും, കൂടപ്പിറപ്പുകൾ മറന്നുപോകും. എന്നാൽ ദൈവത്തിൻ്റെ കൂടാരത്തിൽ നിത്യം വസിക്കുന്നവനെ ദൈവം ഒരു നാളും മറക്കുകയില്ല.