ബംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച സംഭവത്തില്‍ വഴിത്തിരിവ്.
ബംഗളൂരു നഗരത്തെ ഞെട്ടിച്ച സിനിമാസ്റ്റൈല്‍ കവർച്ച നടന്ന് രണ്ടാം ദിനം രണ്ട് പേർ അറസ്റ്റിലായി. ഇതിലൊരാള്‍ ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അപ്പണ നായകും മറ്റേയാള്‍ കൊള്ളയടിക്കപ്പെട്ട എ.ടി.എം വാനിന്റെ കമ്പനിയായ സി.എം.എസ് ഇൻഫോ സിസ്റ്റം ലിമിറ്റഡിലെ മുൻ ജീവനക്കാരനായ മലയാളിയുമാണ്. ഇയാള്‍ അടുത്തിടെയാണ് ജോലി രാജിവച്ചത്. ഇരുവരും തമ്മില്‍ ആറു മാസമായി പരിചയമുണ്ടെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് അറിയിച്ചു. മോഷ്ടിച്ച പണം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
കവർച്ച നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിനുകീഴിലെ മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് കോണ്‍സ്റ്റബിളും മുൻ ജീവനക്കാരനും തമ്മിലുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായത്. കവർച്ചാസമയം ഇരുവരും തുടർച്ചയായി വിളിച്ചിരുന്നതായി കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും ഇവർ ഫോണില്‍ സംസാരിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ 19ന് ഉച്ചയ്ക്കാണ് സംഭവം. ജയനഗർ അശോക പില്ലറിനുസമീപം കാറിലെത്തിയ സംഘം പണവുമായിയെത്തിയ വാഹനം തടഞ്ഞുനിറുത്തി.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നും രേഖകളും പണവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഗണ്‍മാനെയും ജീവനക്കാരെയും പണമടങ്ങിയ പെട്ടികളുമായി കാറില്‍ കയറ്റി.വഴിയില്‍ ജീവനക്കാരെ ഇറക്കിവിട്ട് പണവുമായി മുങ്ങുകയായിരുന്നു.
പിന്നലുള്ള കൂടുതല്‍ പേർക്കായി അന്വേഷണം ശക്തമാണ്, ചിറ്റൂർ ജില്ലയിലെ തിരുപ്പതിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇവരുടെ കാർ കണ്ടെത്തിയിരുന്നു, തമിഴ്നാട്ടിലേക്കോ ആന്ധ്രാപ്രദേശിലേക്കോ പ്രതികള്‍ കടന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെയാണ് രണ്ട് പേർ അറസ്റ്റിലായത്. എട്ട് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 200 ഓളം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
കൊള്ളക്കാരെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു, അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉറപ്പും നല്‍കി.



