മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചു: തിരുവനന്തപുരത്ത്‌ ദമ്പതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം: പതിനാറുകാരനെ ഭീകരസംഘടനയായ ഐസിസില്‍ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കേസെടുത്തു.

യുഎപിഎ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 2021 നവംബർ ഒന്നിനും കഴിഞ്ഞ ജൂലായ് 31നും ഇടയിലാണ് സംഭവം നടന്നത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കുട്ടിയുടെ അമ്മയെ പത്തനംതിട്ട പന്തളം സ്വദേശി വിവാഹം കഴിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്തിരുന്നു. 2021 മുതല്‍ ദമ്പതികള്‍ യുകെയിലായിരുന്നു താമസം. യുകെയിലെത്തിയ പതിനാറുകാരനെ ഐസിസില്‍ ചേരാൻ ഇവർ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ചില വീഡിയോകളൊക്കെ കാണിച്ചുകൊടുത്തായിരുന്നു സ്വാധീനിക്കാൻ ശ്രമിച്ചത്.

പിന്നീട് ദമ്പതികള്‍ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങലിലുള്ള മതപഠനശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് അമ്മയുടെ കുടുംബവീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. പതിനാറുകാരൻ കാര്യങ്ങള്‍ വിശദമായി പറഞ്ഞതോടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.