ബംഗ്ലാദേശ് കലാപം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

2024ലെ ബംഗ്ലാദേശ് കലാപത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച്‌ കോടതി.

പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടതിന് തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിൻ്റേതാണ് വിധി.

ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടതായും ഐസിറ്റി കണ്ടെത്തി. വിദ്യാർഥിയായിരുന്ന അബു സയീദിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാലിലേറെ തവണ തിരുത്തുവാൻ ഹസീനയുടെ സർക്കാർ ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായും ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു.

മുൻകാല നേതാക്കളെ വിചാരണ ചെയ്യാൻ അനുവദിക്കുന്ന രീതിയില്‍ യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഐസിടി-ബിഡി നിയമം ഭേദഗതി ചെയ്തതോടെയാണ് ഹസീനയ്‌ക്കെതിരായ നിലവിലെ കേസിന് വഴിയൊരുക്കിയത്.

ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണ നടന്നത്. ബംഗ്ലാദേശില്‍ നിന്നും പുറത്താക്കപ്പെട്ട ഹസീന നിലവില്‍ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.

അതേസമയം, വിധി വരുന്നതിന് മുന്നോടിയായി ബംഗ്ലാദേശിലാകമാനം സംഘർഷം രൂക്ഷമായിരിക്കുകയാണ്. അക്രമകാരികളായ പ്രതിഷേധക്കാരെ വെടിവെക്കുവാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.