ബിജ്നോര്‍: വന്നുവന്ന് വിവാഹച്ചടങ്ങുകളിലെ സ്ഥിരം വില്ലനായി മാറിയിരിക്കുകയാണ് ചിക്കൻ . ഫ്രൈ കിട്ടാത്തതിന്‍റെ പേരിലും ലെഗ് പീസ് വിളമ്പാത്തതിന്‍റെ പേരിലുമൊക്കെ തല്ലുണ്ടായി അവസാനം വിവാഹം മുടങ്ങിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ നടന്ന വിവാഹത്തിലും പ്രശ്നത്തിന് തുടക്കമിട്ടതും ചിക്കൻ ഫ്രൈ ആയിരുന്നു.
നിക്കാഹ് ചടങ്ങിനിടെ വരന്‍റെ ഭാഗത്ത് നിന്നുള്ള അതിഥികള്‍ ആവശ്യത്തിന് ചിക്കൻ ഫ്രൈ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. വധുവിന്‍റെ കുടുംബം ചെറിയ അളവിലാണ് ചിക്കൻ ഫ്രൈ വിളമ്ബുന്നതെന്നായിരുന്നു പരാതി. ഇതോടെ രംഗം ശാന്തമാക്കാൻ വധുവിന്‍റെ വീട്ടുകാര്‍ കൂടുതല്‍ ചിക്കൻ ഫ്രൈ കഷണങ്ങള്‍ കൊണ്ടുവന്ന് അതിഥികള്‍ക്ക് വിളമ്ബി. എന്നാല്‍ ഇതില്‍ തൃപ്തരാകാത്ത വരന്‍റെ ബന്ധുക്കള്‍ മാന്യമായിട്ടല്ല ഭക്ഷണം വിളമ്ബുന്നതെന്ന് അടുത്ത ആരോപണം ഉന്നയിച്ചു. ഇത് വധുവിന്‍റെ വീട്ടുകാരെ പ്രകോപിപ്പിച്ചു. താമസിയാതെ, തർക്കം നിയന്ത്രണാതീതമായി. വാക്കുതർക്കത്തില്‍ നിന്ന് കയ്യാങ്കളിയിലേക്ക് മാറി. പരസ്പരം ഉന്തും തള്ളുമായി. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തുടർച്ചയായ വഴക്ക് കാരണം നിക്കാഹ് ചടങ്ങുകള്‍ വീണ്ടും വീണ്ടും നിർത്തേണ്ടിവന്നു. വാദപ്രതിവാദങ്ങള്‍ വീണ്ടും തുടങ്ങിയതിനാല്‍ ഒരു തവണയല്ല, മൂന്ന് തവണയാണ് നിർത്തിവച്ചത്. തുടര്‍ന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ചടങ്ങുകള്‍ വീണ്ടും പുനരാരംഭിക്കുകയായിരുന്നു.



