ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 32 പേര്‍ കൊല്ലപ്പെട്ടു, അമേരിക്കയെ മുൻകൂട്ടി അറിയിച്ചെന്ന് വെളിപ്പെടുത്തല്‍

ഗാസ: ഹമാസ് സമാധാനക്കരാർ ലംഘിച്ചെന്നാരോപിച്ച്‌ ഇസ്രയേല്‍ വീണ്ടും ഗാസയില്‍ വ്യാപകമായ വ്യോമാക്രമണം നടത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേരിട്ടുള്ള നിർദേശത്തിന് പിന്നാലെയാണ് സൈനിക നടപടി ആരംഭിച്ചത്.

രാത്രിയില്‍ നടന്ന ആക്രമണത്തില്‍ 32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുമായി മുൻകൂട്ടി ആശയവിനിമയം നടത്തിയശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. ഹമാസ് ഇസ്രയേല്‍ സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് മറുപടിയായി ശക്തമായ തിരിച്ചടിക്കാനുള്ള തീരുമാനം നെതന്യാഹു എടുത്തതായി സൂചനകളുണ്ട്. ഇതോടെ കഴിഞ്ഞ 20 ദിവസമായി നിലനിന്നിരുന്ന വെടിനിർത്തല്‍ കരാർ തകരാനിടയായി.

ഇസ്രയേല്‍ സേന സ്കൂളുകളും വീടുകളും ഉള്‍പ്പെടെ സിവിലിയൻ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. ഇതേ സമയം ഹമാസ്, വെടിനിർത്തല്‍ കരാർ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും സൈനികരെ ലക്ഷ്യം വച്ചതായി ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. ആക്രമണം തുടങ്ങിയതോടെ ഇന്ന് കൈമാറാനിരുന്ന ഒരു ബന്ദിയുടെ മൃതദേഹം വിട്ടുനല്‍കുന്നത് ഹമാസ് നീട്ടിവെച്ചു. ബന്ദികളെ സംബന്ധിച്ച തർക്കം ഇരുപക്ഷത്തിനും ഇടയില്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ മൃതദേഹം മുൻപ് കൈമാറിയ ഒരാളുടേതിന്റെ ഭാഗമാണെന്ന ഇസ്രയേല്‍ ആരോപണം തർക്കത്തിന് പുതിയ രൂപം നല്‍കി.

തുടർച്ചയായ ബോംബാക്രമണവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും കാരണം ഗാസയിലെ രക്ഷാപ്രവർത്തനങ്ങള്‍ അതീവ ദുഷ്കരമായി മാറിയിരിക്കുകയാണ്. കാണാതായ നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയിലാണെന്ന് ഗാസ സിവില്‍ പ്രതിരോധ ഏജൻസി വക്താവ് അറിയിച്ചു. മരിച്ചവരുടെ എണ്ണം കൂടി ഉയർന്നേക്കാമെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു. ഇസ്രയേല്‍ സേനയുടെ വക്താവ്, “സൈനികരെ ആക്രമിച്ചതിന് ഹമാസ് വലിയ വില നല്‍കേണ്ടി വരും” എന്ന മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരപരാധികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

വെടിനിർത്തലിന് പിന്നാലെ സമാധാനാന്തരീക്ഷം തിരിച്ചുകിട്ടിയ ഗാസയിലും പശ്ചിമേഷ്യയിലുമുള്ള നില ഇപ്പോള്‍ വീണ്ടും അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. സംഭവവികാസങ്ങള്‍ വെടിനിർത്തലിനെ നേരിട്ട് ബാധിക്കുന്നതല്ലെന്നും, എന്നാല്‍ ഇസ്രയേല്‍ സൈനികരെ ലക്ഷ്യം വച്ചാല്‍ അതിന് തിരിച്ചടി നല്‍കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഗാസയില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട ഈ സംഘർഷം സമാധാനചർച്ചകളെ തകർക്കുമോ എന്ന ആശങ്കയും അന്താരാഷ്ട്രതലത്തില്‍ ഉയരുകയാണ്. മനുഷ്യാവകാശ സംഘടനകള്‍ ഇരുപക്ഷത്തോടും പൗരന്മാരുടെ ജീവൻ സംരക്ഷിക്കാനും അടിയന്തരമായി വെടിനിർത്തല്‍ പുനഃസ്ഥാപിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

*ഐ. പി. സി പിളരുമോ ?*