പാമ്പ് കടിയേറ്റ് മരിച്ച 10 വയസ്സുകാരന്റെ മരണത്തിന് പിന്നാലെ, മന്ത്രവാദം വഴിയുള്ള പുനരുജ്ജീവനം സാധ്യമെന്ന അന്ധവിശ്വാസത്തില്‍ കുടുംബം നടത്തിയ നടപടിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഹാഥ്രസ് ജില്ലയിലെ ഹസായൻ മേഖലയില്‍പ്പെട്ട ഇറ്റാർണി ഗ്രാമത്തിലാണ് സംഭവം. ദീപാവലി രാത്രിയായ ഒക്ടോബർ 20-നാണ് കപില്‍ ജാതവ് എന്ന കുട്ടിയ്ക്കാണ് വീട്ടില്‍ വെച്ച് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ കുട്ടിയെ മരിച്ചതായി സ്ഥിരീകരിച്ചു.
മരണത്തിനു ശേഷം അയല്‍വാസികളുടെ പ്രേരണയോടെ കുടുംബം മന്ത്രവാദികളുടെ സഹായം തേടി. മഥുരയിലെ ഒരു മന്ത്രവാദിക്ക് ആചാരങ്ങളിലൂടെ കുട്ടിയെ “ജീവനിലേക്ക് തിരികെ കൊണ്ടുവരാൻ” കഴിയും എന്ന വിശ്വാസത്തിലായിരുന്നു അവർ. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ, കുടുംബം മൃതദേഹവുമായി തിരിച്ചെത്തി.
വീണ്ടും ഗ്രാമത്തില്‍ തിരിച്ചെത്തിയ കുടുംബം അവസാന ശ്രമമെന്ന നിലയില്‍ വേപ്പിലയും ഉണങ്ങിയ ചാണകവും കൊണ്ട് കുട്ടിയുടെ ശരീരം മൂടി. മന്ത്രവാദികളും കുടുംബാംഗങ്ങളും ചേർന്ന് ആചാരങ്ങള്‍ നടത്തി. കുട്ടി ‘ഉയിർത്തെഴുന്നേല്‍ക്കും’ എന്ന പ്രതീക്ഷയില്‍ മൂന്നു ദിവസം കാലില്‍ മരച്ചില്ല കൊണ്ട് തട്ടിനോക്കി അനക്കത്തിനായി കാത്തിരിക്കുകയായിരുന്നു.
മൂന്നു ദിവസം കഴിഞ്ഞിട്ടും മാറ്റമൊന്നും കാണാതായപ്പോള്‍, ഗ്രാമവാസികള്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചുവെന്ന് കൂലിപ്പണിക്കാരനായ കുട്ടിയുടെ പിതാവ് നരേന്ദർ ജാതവ് പറഞ്ഞു. എന്നാല്‍ ഇതുവരെ ആരും ഔദ്യോഗിക പരാതി നല്‍കിയിട്ടില്ലെന്ന് ഹസായൻ എസ്‌എച്ച്‌ഒ ഗിരീഷ് ചന്ദ്ര ഗൗതം അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.




