ഡല്‍ഹിയുടെ പേര് മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത്; പുതിയ പേരും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി). ഡല്‍ഹിയെ ‘ഇന്ദ്രപ്രസ്ഥ’ എന്ന് പുനർനാമകരണം ചെയ്യണം എന്നാണ് വിഎച്ച്‌പിയുടെ ആവശ്യം.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന കേന്ദ്രസർക്കാരിന് നിവേദനം നല്‍കിയിരിക്കുകയാണ്. വിഎച്ച്‌പി ഡല്‍ഹി സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത ലല്‍കിയ ആണ് കേന്ദ്ര സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് കത്തയച്ചത്.

ഡല്‍ഹിയുടെ പുരാതന ചരിത്രവും സംസ്‌കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ ഇന്ദ്രപ്രസ്ഥ എന്ന പേരാണ് അനുയോജ്യമെന്നാണ് സുരേന്ദ്ര കുമാർ ഗുപ്ത ലല്‍കിയ പറയുന്നത്. ഇതുകൂടാതെ, ഡല്‍ഹിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണമെന്നും വിഎച്ച്‌പി നേതാവ് ആവശ്യപ്പെടുന്നു. ഓള്‍ഡ് ഡല്‍ഹി സ്‌റ്റേഷൻ ഇന്ദ്രപ്രസ്ഥ എന്നും ഷാജഹാനാബാദ് ഡവലപ്‌മെന്റ് ബോർഡിൻറെ പേര് ഇന്ദ്രപ്രസ്ഥ ഡവലപ്‌മെന്റ് ബോർഡ് എന്ന് മാറ്റണമെന്നും സുരേന്ദ്ര കുമാർ ഗുപ്ത ലല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

ഡല്‍ഹി എന്ന പേര് വെറും 2000 വർഷത്തെ ചരിത്രം മാത്രമാണ് അടയാളപ്പെടുത്തുന്നത് എന്നും ഇന്ദ്രപ്രസ്ഥ എന്ന പേര് 5000 വർഷങ്ങള്‍ക്കപ്പുറമുള്ള ചരിത്രവും പാരമ്ബര്യവും തെളിയിക്കുമെന്നും സുരേന്ദ്ര കുമാർ ഗുപ്ത കൂട്ടിച്ചേർത്തു. ഡല്‍ഹി ഹെറിറ്റേജ് വോക്കില്‍ ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങളും ക്ഷേത്രങ്ങളും വേണമെന്നും വിഎച്ച്‌പി ഡല്‍ഹി സെക്രട്ടറി കത്തില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം പണ്ഡിതൻമാരുടെയും ചരിത്രകാരൻമാരുടെയും നിർദേശങ്ങള്‍ കണക്കിലെടുത്താണ് ആവശ്യപ്പെടുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.