ടെല്‍ അവീവ്: രണ്ടാംഘട്ട വെടിനിർത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂർണമായി നടപ്പായാല്‍ മാത്രമേ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കൂ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
ഗസ്സ മുനമ്ബില്‍ നിന്നു ഹമാസ് സേനയെ പിൻവലിക്കുകയും നിരായുധീകരിക്കുകയും വേണം. ഇല്ലെങ്കില്‍ ഗസ്സക്ക് മേല്‍ ആക്രമണം കനപ്പിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഗസ്സക്ക് നേരെയുള്ള അക്രമണം ഇസ്രായേല്‍ തുടരുകയാണ്. റഫ അതിർത്തി തുറക്കുന്നത് അടക്കമുള്ള വ്യവസ്ഥകളും ഇതുവരെ പാലിച്ചിട്ടില്ല. ആവശ്യ സാധനങ്ങള്‍ കടത്തിവിടാനും ഈജിപ്തില്‍ കുടുങ്ങിയ ഫലസ്തീനികള്‍ക്ക് ഗസ്സയിലേക്ക് തിരിച്ചു പോകാനുമുള്ള പ്രധാന കവാടമാണ് റഫ. മരുന്നും ഭക്ഷണവുമടക്കമുള്ള മാനുഷിക സഹായങ്ങള്‍ റഫ അതിർത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
വെടിനിർത്തല്‍ കരാർ തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേലിനെതിരെ നടപടി എടുക്കണമെന്ന് യു.എസിനോടും മധ്യസ്ഥ രാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം മരിച്ച 28 ബന്ദികളുടെയും മൃതദേഹങ്ങള്‍ തിരിച്ചു നല്‍കിയാലേ അതിർത്തി തുറക്കുകയുള്ളൂ എന്നാണ് ഇസ്രായേല്‍ വാദം. ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. അവ വീണ്ടെടുക്കാനാവശ്യമായ പ്രത്യേക ഉപകരണങ്ങള്‍ ഇല്ലാതെ മൃതദേഹങ്ങള്‍ കൈമാറാൻ കഴിയില്ലെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.
ഇതുവരെ പതിനൊന്ന് ബന്ദികളുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. ഗസ്സയില്‍ കൊല്ലപ്പെട്ട എല്ലാ ബന്ദികളെയും തിരികെ നല്‍കിയില്ലെങ്കില്‍ ഇസ്രായേല്‍ ആക്രമണത്തെ പിന്തുണക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അറിയിച്ചിരുന്നു.
വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇതുവരെ 38 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കരാർ പ്രകാരമുള്ള തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റിയിട്ടുണ്ടെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ജീവനുള്ള ബന്ദികളെ എല്ലാവരെയും കൈമാറിയിട്ടുണ്ട്.



