വാഷിങ്ടണ്‍: അമേരിക്കയെ ലക്ഷ്യംവെച്ച് വലിയ അളവില്‍ മയക്കുമരുന്നുമായെത്തിയ അന്തര്‍വാഹിനി തകര്‍ത്തതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടതായും പിടികൂടിയ രണ്ടുപേരെ അവരുടെ സ്വദേശങ്ങളായ എക്വഡോറിലേക്കും കൊളംബിയയിലേക്കും മടക്കി അയച്ചതായും ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
ഫെന്റനില്‍ ഉള്‍പ്പെടെയുള്ള അനധികൃത ലഹരിമരുന്നുകളായിരുന്നു അന്തര്‍വാഹിനിയിലുണ്ടായിരുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അന്തര്‍വാഹിനിക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
ലഹരിമരുന്നുകടത്ത് പാതയിലൂടെ, യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ ലക്ഷ്യമാക്കി വലിയ അളവില്‍ മയക്കുമരുന്നുമായെത്തിയ അന്തര്‍വാഹിനിയെ തകര്‍ത്തതില്‍ ഏറെ അഭിമാനമുണ്ട്. ഫെന്റനിലും മറ്റ് അനധികൃത ലഹരിമരുന്നുകളുമായിരുന്നു അന്തര്‍വാഹിനിയിലുണ്ടായിരുന്നതെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് ‘ലഹരിമരുന്ന് ഭീകരരായിരുന്നു’ അന്തര്‍വാഹനിയിലുണ്ടായിരുന്നത്. രണ്ട് ഭീകരവാദികളെ കൊലപ്പെടുത്തി. ആ അന്തര്‍വാഹിനിയെ തീരത്തണയാന്‍ ഞാന്‍ അനുവദിച്ചിരുന്നെങ്കില്‍, ചുരുങ്ങിയത് 25,000 അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ജീവനോടെയുള്ള രണ്ട് ലഹരിമരുന്നുഭീകരരെ അറസ്റ്റിനും വിചാരണയ്ക്കുമായി അവരുടെ സ്വദേശമായ എക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയച്ചിട്ടുണ്ട്. ആക്രമണത്തില്‍ യുഎസ് സേനയിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്റെ കാലത്ത് അനധികൃത ലഹരിമരുന്ന് കരയിലൂടെയോ കടലിലൂടെയോ കടത്തുന്നത് അനുവദിക്കില്ല, ട്രംപ് കുറിച്ചു.