ഈ വഞ്ചിയും ദൈവത്തിന്റെ കയ്യിലാണ്; നമുക്ക് നല്ലത് പ്രതീക്ഷിക്കാം

അവര്‍ പുഴയിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് കാറ്റ് വീശാന്‍ തുടങ്ങി. വലിയ ഓളമുണ്ടാക്കി വഞ്ചി മറിയുന്ന സ്ഥിതിയായി.

അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു: നമ്മള്‍ അക്കരയെത്തുമെന്ന് തോന്നുന്നില്ല. അതിന് മുമ്പ് നമ്മുടെ വഞ്ചി മറിയും.. ഇനിയെന്ത് ചെയ്യും.? നിങ്ങള്‍ക്ക് പേടി തോന്നുന്നില്ലേ.. അവള്‍ ആകുലതയോടെ നോക്കി.

അയാള്‍ ഉടനെ തന്റെ കയ്യിലിരുന്ന കത്തി അവളുടെ കഴുത്തില്‍വെച്ചിട്ട് ചോദിച്ചു: നിനക്ക് പേടി തോന്നുന്നില്ലേ? ഭാര്യ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ഞാന്‍ എന്തിനാണ് പേടിക്കുന്നത് കത്തി നിങ്ങളുടെ കയ്യിലല്ലേ.. നിങ്ങള്‍ എന്നെ സ്‌നേിക്കുന്നുണ്ടെന്ന് എനിക്കറിയാം.

അപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ഈ വഞ്ചിയും ഇതുപോലെ ദൈവത്തിന്റെ കയ്യിലാണ്. അദ്ദേഹവും നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്. നമുക്ക് നല്ലത് പ്രതീക്ഷിക്കാം.

അയാള്‍ പറഞ്ഞപോലെ കുറച്ച് സമയത്തിന് ശേഷം കാറ്റിന്റെ വേഗം കുറഞ്ഞു. അവര്‍ സുരക്ഷിതരായി അക്കരെയെത്തുകയും ചെയ്തു.

നിയന്ത്രണാതീതമായ സാഹചര്യങ്ങളില്‍ നമുക്ക് വേണ്ടത് ശാന്തമായ മനസ്സാണ്. മനസ്സൊന്നു ശാന്തമായാല്‍ തന്നെ പരിഹാരമാകുന്ന പല പ്രശ്‌നങ്ങളുമുണ്ട്.

ഒന്ന് ശ്രദ്ധിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്. ഓരോന്നിനും അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ കഴിയുന്ന മനസ്സിന്റെ പാകതയാണ് പ്രധാനം.

നമ്മെ തേടിവരുന്ന ഓരോ പ്രശ്‌നങ്ങളിലും ഈ മാനസികപാകത നേടാന്‍ നമുക്കും സാധിക്കട്ടെ

– ശുഭദിനം.