പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കുരുങ്ങന്‍, പിന്നാലെ മരത്തില്‍ നിന്ന് നോട്ട് മഴ

ആളുകളുടെ കൈയ്യില്‍ നിന്ന് സാധനങ്ങള്‍ തട്ടിയെടുത്ത് ഓടുന്നത് കുരുങ്ങന്മാരുടെ സ്ഥിരം പരിപാടിയാണ്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ സോറോണില്‍ വഴിയാത്രക്കാരന്റെ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറിയ ഒരു കുരങ്ങന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ ഒരു മരത്തില്‍ കടിച്ച്‌ പിടിച്ച ബാഗുമായിരിക്കുന്ന കുരങ്ങനെയാണ് കാണുന്നത്. കുരങ്ങന്‍ ബാഗ് തുറക്കാനായി കടിച്ച്‌ പറിക്കുന്നത് വീഡിയോയില്‍ കാണാം. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കുരങ്ങന് ബാഗ് തുറക്കാന്‍ കഴിഞ്ഞു. പിന്നാലെ ബാഗില്‍ നിന്നും ഒരു കെട്ട് 500 രൂപയുടെ നോട്ടുകള്‍ പുറത്തെടുത്ത കുരങ്ങന്‍ ബാഗ് താഴേക്കിടുകയും നോട്ട് കെട്ട് കഴിക്കാനുള്ള വസ്തുവാണെന്ന് കരുതി കടിക്കുന്നതും വീഡിയോയില്‍ കാണാം.

ഇതിനിടെ താഴെ നിന്നും ആളുകള്‍ ബഹളം വച്ചതോടെ കടിച്ച്‌ പിടിച്ച നോട്ടുകെട്ടുമായി കുരങ്ങന്‍ മരത്തിന് മുകളിലേക്ക് കയറുകയും പിന്നാലെ ഇലകള്‍ക്കിടയില്‍ മറയുന്നു. പിന്നാലെ ആകാശത്ത് നിന്നും കുരങ്ങന്‍ 500 രൂപയുടെ മഴ പെയ്യിച്ചെന്ന് വീഡിയോ പങ്കുവച്ച്‌ കൊണ്ട് എബിപി ന്യൂസ് കുറിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ പ്രതികരണങ്ങളാണ് കാഴ്ചക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ചിലര്‍ കുരങ്ങനുമായി ബന്ധപ്പെട്ടെ പഴഞ്ചൊല്ലുകളെ കുറിച്ച്‌ എഴുതി. മറ്റ് ചിലര്‍ പണത്തിന്റെ നിസാരതയെ കുറിച്ച്‌ പഠിപ്പിക്കുകയാണ് കുരങ്ങനെന്നായിരുന്നു കുറിച്ചത്.