പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്
ലോക ജനത വേദനയോടെ, വളരെ ഉത്കണ്ഠയോടെ, ഉറ്റുനോക്കിക്കൊണ്ടിരുന്ന സമയം ആഗതമായി. ഇസ്രയേലിൻ്റെ കണ്ണുനീരിൻ്റെ കറുത്ത അദ്ധ്യായം അവസാനിക്കുന്നു. നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സമാധാനത്തിന്റെയും, ശാന്തിയുടെയും കാലൊച്ച കേൾക്കുകയാണ്.

ഇസ്രയേൽ, പലസ്തീൻ ദേശത്തു മുഴങ്ങിയ പീരങ്കി ഗർജ്ജനവും, തോക്കുകളുടെ മുഴക്കവും, നിലയ്ക്കുന്നു. ശബ്ദത്തേക്കാൾ വേഗത്തിൽ ഇരമ്പുന്ന പോർവിമാനങ്ങൾ താവളങ്ങളിലേക്ക് മടങ്ങുന്നു. ഹമാസ് എന്ന ദുഷ്ട ഭീകരന്മാർ ബന്ദികളായി പിടിച്ചു കൊണ്ടുപോയവരിൽ ജീവനോടെ ശേഷിച്ച 20 പേർ വിട്ടയക്കപ്പെടുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മടക്കി കൊടുക്കുന്നു.
2023 ഒക്ടോബർ മാസം ഏഴാം തീയതി ലോകരാജ്യങ്ങൾ ഉണർന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ്. മായാത്ത കറുത്ത പൊട്ട് ഇസ്രയേൽ രാജ്യത്തിൻെറ്മേൽ ഹമാസ് ഭീകരന്മാർ പതിപ്പിച്ചു. നിരപരാധികളും, നിഷ്കളങ്കരുമായ ആയിരങ്ങൾ മരിച്ചു വീണു. സ്ത്രീകളും, കുഞ്ഞുങ്ങളും നിഷ്ക്കരുണം അപമാനിക്കപ്പെട്ടു, കൊല്ലപ്പെട്ടു. മൃഗങ്ങൾ പോലും നാണിക്കുന്ന നീചമായ പ്രവർത്തികൾ ദേശത്ത് അവർ ചെയ്തു. രക്തപ്പുഴ കൊഴുകി. ഭീകരവാദത്തിൻെറയും നികൃഷ്ടതയുടെയും അച്ചുതണ്ട് എന്ന് അറിയപ്പെടുന്ന ഇറാൻ്റെ ‘ പിന്തുണയോടു കൂടി കൊച്ചു രാജ്യമായ ഇസ്രയേൽ രാഷ്ട്രത്തെ തുടച്ചുമാറ്റുവാൻ ഇറങ്ങിത്തിരിച്ച ഭീകരന്മാരെ ഇസ്രയേൽ ശക്തമായി നേരിട്ടു.

ഇത് ഒരു യുദ്ധത്തിൻ്റെ ആരംഭമായി മാറി. ഹമാസ് എന്ന ദുഷ്ട ഭീകരന്മാരുടെ അടിത്തറ ഇളക്കുവാൻ അരയും, തലയും മുറുക്കി ഇസ്രയേലിൻ്റെ യുവകേസരികൾ തോക്ക് കരങ്ങളിൽ എടുത്തു. ഭീകര സംഘടനയുടെ നട്ടെല്ലടിച്ചു തകർക്കത്തക്കവണ്ണം ഇസ്രയേലിൻെറ് ചുണക്കുട്ടികൾ, പുലിക്കുട്ടികൾ ആയി മാറി.
ഐക്യരാഷ്ട്ര സംഘടനയും, ലോകത്തിലുള്ള പല രാജ്യങ്ങളും ഇസ്രയേൽ സംയമനം പാലിക്കണമെന്ന് മുന്നറിയിപ്പ് കൊടുത്തപ്പോഴും, ഇസ്രയേൽ ഈറ്റപ്പുലികൾക്കു തുല്യമായി ഭീകരന്മാരെ നേരിട്ടു. അമേരിക്കൻ ഡോളറുകൾ കൊടും തട്ടിപ്പിലൂടെയും, വഞ്ചനയിലൂടെയും കൈക്കലാക്കി കൊണ്ട് കഴിഞ്ഞ ചില പതിറ്റാണ്ടുകളായി ഭൂഗർഭ അറകൾ ഉണ്ടാക്കി മാളത്തിൽ ഒളിഞ്ഞും, പാത്തും ഇസ്രയേലിനെ അക്രമിച്ച മൂഷികന്മാരെ മാളത്തിലിട്ടു പിടിച്ചു, അടിയറവ് പറയിപ്പിച്ചു. രണ്ടുവർഷക്കാലത്തെ യുദ്ധം നാശനഷ്ടങ്ങളും, രക്തച്ചൊരിച്ചിലും വരുത്തിയെങ്കിലും ഭീകര സംഘടനയുടെ നേതൃത്വം വഹിക്കുന്ന അനേകം ദുഷ്ടന്മാരെ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റി, ഭീകര സംഘടനകൾക്കും, ഭീകരവാദികൾക്കും വിറയൽ പിടിപ്പിച്ചു, ഉറക്കം കെടുത്തി.
ലോത്തിനെയും, അവനുള്ളതൊക്കെയും സോദോം രാജാവും, ഗോമോ രാജാവും കൊള്ളയടിച്ചുപിടിച്ചു കൊണ്ടുപോയപ്പോൾ അബ്രഹാം അഭ്യാസികളുമായി അരമുറുക്കി അവരെ പിന്തുടർന്നു തോൽപ്പിച്ച് മടക്കി കൊണ്ടുവന്ന ചരിത്രം ഇസ്രയേലിനുണ്ട്. ഉല്പത്തി 14. ഇസ്രയേലിൻ്റെ രാജാവായ ദാവീദ് സിക്ലാഗിൽ എത്തിയപ്പോൾ കണ്ട കാഴ്ച വളരെ ഹൃദയഭേദകമായിരുന്നു. ദേശമെല്ലാം വെന്ത് നശിപ്പിക്കപ്പെട്ടു കിടക്കുന്നു. സ്ത്രീകളും, കുട്ടികളും, ഭാര്യമാരും എല്ലാം ബന്ദികളായി പിടിക്കപ്പെട്ടു. ഇതു കണ്ട് താൻ തളർന്നുവെങ്കിലും ദൈവത്തിൽ നിന്ന് ബലം ധരിച്ചു കൊണ്ട്, ദൈവ ആലോചനയ്ക്ക് ചെവി കൊടുത്തുകൊണ്ട് ശത്രുവിനെതിരെ കൊടുങ്കാറ്റ് പോലെ ഇറങ്ങിത്തിരിച്ചു. അമാലേക്യർ അപഹരിച്ചു കൊണ്ടുപോയതെല്ലാം മടക്കിക്കൊണ്ടുവന്നു. (1 ശമുവേൽ 30) ഇവർ വിട്ടുകൊടുക്കുന്ന ജനം അല്ല, ഇത് ലോക ജനത തിരിച്ചറിഞ്ഞുവെങ്കിൽ നന്നായിരുന്നു. “ഇസ്രയേൽ” എന്ന നാമകരണം ചെയ്തത് തമ്പുരാൻ ആണ്. ആ നാമം ധരിച്ച രാജ്യത്തെ ഇടിക്കുവാനും, ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റുവാനും അന്നും, ഇന്നും ശത്രു എഴുന്നേറ്റ ചരിത്രംഎവിടെയും നമുക്ക് ദർശിക്കാം. ഹമാസും, ഹാമാന്യ ശക്തിയുംഎഴുന്നേൽക്കട്ടെ, എന്നാലും അവർ യുദ്ധം ചെയ്യും.
രണ്ടുവർഷത്തെ നിതാന്ത പോരാട്ടത്തിനൊടുവിൽ അനേകരുടെ പ്രാർത്ഥനയാൽ, ഒരു വെല്ലുവിളിക്കും, ഭീഷണിക്കും മുമ്പിൽ തലകുനിക്കാതെ, ചൂളാതെ, എതിരാളികളെ എന്നും വിറളി പിടിപ്പിക്കുന്ന പ്രസിഡൻറ് ട്രംപിന്റെയും, ഭരണകൂടത്തിന്റെയും, അമേരിക്ക എന്ന ലോക ശക്തിയുടെയും പരിശ്രമ ഫലമായി ലോക ചരിത്രത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്.
മൂന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് കേളികൊട്ടിയവരുടെ വായടപ്പിച്ചുകൊണ്ട്, “സമാധാനം ശക്തിയിലൂടെ” എന്നയാപ്തവാക്യം ഒരു നാഴിക കല്ലായി ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ്. സമാധാനത്തിൻ്റെ വെള്ളക്കൊടി ഇസ്രയേലിൽ, ഉയരുകയാണ്. ഭീകരവാദി സംഘടനകൾ ഏതു മാളത്തിൽ ഒളിച്ചാലും അതിനെ പിന്തുടർന്ന് ഉന്മൂല നാശം ചെയ്യേണ്ടത് ലോക ജനതയുടെ സമാധാനത്തിനും, നിലനിൽപ്പിനും ആവശ്യമാണ്.
ഹമാസ് ഭീകരന്മാരുടെ കൊടി ഉയർത്തിപ്പിടിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നവരെ, അവരുടെ രാജ്യത്തേക്ക് നാടുകടത്തുന്നതിൽ തെറ്റില്ല. മനുഷ്യ ജീവിതങ്ങൾക്കും, സ്ത്രീകൾക്കും സമൂഹത്തിലും, രാജ്യത്തിലും ചണ്ടി കൂമ്പാരത്തിൻ്റെ വില പോലും കൽപ്പിക്കാതെ തൂത്തെറിയുന്ന കാപാലികന്മാരെ തുടച്ചു മാറ്റണം. പാർട്ടി ഏതുമായിക്കൊള്ളട്ടെ ഭീകരവാദിത്വത്തിനും, മനുഷ്യാവകാശ ലംഘനത്തിനും കൂട്ടുനിൽക്കുകയും, അതിനു ചുക്കാൻ പിടിക്കുന്നവരെയും കണ്ടെത്തണം. അങ്ങനെയുള്ള രാജ്യങ്ങളെയും, സംഘടനകളെയും ജനം ഒരുമിച്ചു നിന്ന് നേരിടുകയും, പ്രതികരിക്കുകയും ചെയ്യണം.
സർവ്വഭൂമിയും ദുഷ്ടൻ്റെ അധീനതയിൽ കിടക്കുന്നു, വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിക്കുകയും സത്യത്തിന് ചെവി കൊടുക്കാതെ അതിനെ മറിച്ചു കളയുകയും ചെയ്യുന്നവരുടെ എണ്ണം ദേശത്ത് വർദ്ധിക്കുന്നു എന്നുള്ള സത്യം നാം മറന്നു പോകരുത്. വെളിച്ചത്തെ തല്ലി കെടുത്തുന്ന കിരാത പ്രവർത്തികൾ ദേശത്ത് നടമാടുമ്പോൾ ഒരു പ്രകാശകിരണമായി മാറുവാൻ സർവ്വശക്തൻ നമ്മെ സഹായിക്കട്ടെ.




