ന്യൂഡല്‍ഹി: സെപ്റ്റംബർ 27 ന് കരൂരില്‍ ടിവികെ മേധാവിയും നടനുമായ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപീം കോടതി.
ദുരന്തത്തെക്കുറിച്ച് നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനായി സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയമിക്കാൻ ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ടിവികെയുടെ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
തമിഴ്നാട് പോലീസിലെ ഉദ്യോഗസ്ഥർ മാത്രം നടത്തിയാല്‍ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം സാധ്യമാകില്ലെന്ന് വാദിച്ച ടിവികെ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ പ്രിൻസിപ്പല്‍ ബെഞ്ചിന്റെ നടപടിയെ നടൻ വിജയ് നേതൃത്വം നല്‍കുന്ന ടിവികെ ചോദ്യംചെയ്‌തിരുന്നു. ഇക്കഴിഞ്ഞ സെപ്‌തംബർ 27നാണ് കരൂരിലെ ടിവികെ റാലിയില്‍ ദുരന്തമുണ്ടായത്.
അതിനിടെ, കരൂർ ദുരന്തത്തെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടായ സമാനമായതോ ഇതിനേക്കാള്‍ മോശമായതോ ആയ ദുരന്തങ്ങളില്‍ മൗനം പാലിച്ച ബിജെപി, കരൂർ ദുരന്തത്തിനു പിന്നാലെ വേഗത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.




