ഏഴ് ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചു, ബാക്കിയുള്ളവരെ ഓരോ ഘട്ടമായി മോചിപ്പിക്കും

ടെല്‍ അവീവ്/ഗാസ് സിറ്റി: രണ്ടുവര്‍ഷത്തെ നരകപ്പെയ്ത്തിന് ശമനമുണ്ടാക്കി സമാധാനവഴിയിലേക്ക് നീങ്ങുന്ന ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു. ആദ്യ ഘട്ടമായി ഏഴ് ഇസ്രയേലി ബന്ദികളെ ഹമാസ് റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) കൈമാറി. ഇന്ന് മോചിപ്പിക്കുന്ന ജീവനോടെയുള്ള 20 ബന്ദികളുടെ പേര് വിവരങ്ങള്‍ ഹമാസ് കൈമാറിയിട്ടുണ്ട്.

ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും തയ്യാറായിട്ടുണ്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ബന്ദികളെ സ്വീകരിക്കുന്നതിനായി ഇസ്രയേലില്‍ വന്‍ജനാവലി ഒത്തുകൂടിയിട്ടുണ്ട്.

റെഡ് ക്രോസിന് ഏഴ് ബന്ദികളെ കൈമാറി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ഇസ്രായേലും അവരുടെ ഭാഗം നിറവേറ്റുന്നിടത്തോളം കാലം വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ഹമാസ് പ്രസ്താവനയിറക്കി.’

‘എത്തിച്ചേര്‍ന്ന ഈ കരാര്‍ ഞങ്ങളുടെ ജനതയുടെ ഉറച്ച നിലപാടിന്റെയും പ്രതിരോധത്തിന്റെയും ഫലമാണ്, മാസങ്ങള്‍ക്കുമുന്‍പേ അധിനിവേശ ശക്തികള്‍ക്ക് അവരുടെ ബന്ദികളില്‍ ഭൂരിഭാഗത്തെയും ജീവനോടെ തിരികെ ലഭിക്കാമായിരുന്നു, എന്നാല്‍ അവര്‍ കാലതാമസം വരുത്തുന്നത് തുടര്‍ന്നു’ ഹമാസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇതിനിടെ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്. ഇസ്രായേലിലേക്കുള്ള സന്ദര്‍ശനത്തിനായി എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രസിഡന്റ് ട്രംപ് ഗാസയില്‍ നിന്ന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നത് തത്സമയം കാണുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു. വിമാനത്തില്‍നിന്ന് പകര്‍ത്തിയ ചിത്രവും അവര്‍ പങ്കുവെച്ചു.