ന്യൂഡല്‍ഹി: റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യക്കാരനായ യുവാവ് യുക്രെയ്ൻ സൈന്യത്തിന്റെ പിടിയില്‍. ഇരുപത്തിരണ്ടുകാരനായ മജോട്ടി സാഹില്‍ മുഹമ്മദ് ഹുസൈനാണ് യുക്രൈൻ സൈന്യത്തിന്റെ പിടിയിലായത്.
യുക്രെയ്ൻ സൈന്യത്തിന്റെ 63-ാം ബ്രിഗേഡ് ഇയാളുടെ വീഡിയോ പുറത്തുവിട്ടു. ഗുജറാത്തിലെ മോർബി സ്വദേശിയാണ് മജോട്ടി സാഹില്‍ മുഹമ്മദ് ഹുസൈൻ. താൻ യുക്രൈൻ സൈന്യത്തിന് മുന്നില്‍ ആയുധംവെച്ച് കീഴടങ്ങുകയായിരുന്നു എന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.
‘റഷ്യയില്‍ ഉപരിപഠനത്തിന് എത്തിയശേഷം ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഏഴു വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടു. എന്നാല്‍ ശിക്ഷ ഒഴിവാക്കാൻ റഷ്യൻ സൈന്യവുമായി കരാറിലേർപ്പെടാൻ നിർദേശിച്ചു. ജയിലില്‍ കഴിയുന്നത് ഒഴിവാക്കാൻ പ്രത്യേക സൈനിക ഓപ്പറേഷനായി റഷ്യ സൈന്യത്തില്‍ ചേരുകയായിരുന്നു. 16 ദിവസത്തെ പരിശീലനത്തിനു ശേഷം ഒക്‌ടോബർ ഒന്നിന് ആദ്യ ദൗത്യത്തിനായി അയച്ചു. അത് മൂന്നു ദിവസം നീണ്ടുനിന്നു. എനിക്ക് അവിടെ നിന്നു പുറത്തുകടക്കണമായിരുന്നു.
എന്റെ കമാൻഡറുമായി തർക്കമുണ്ടായതിനെ തുടർന്ന് അവിടെ നിന്നിറങ്ങി. ഏകദേശം രണ്ടോ മൂന്നോ കിലോമീറ്റർ അകലെ യുക്രെയ്ൻ സൈന്യത്തിന്റെ ഒരു കിടങ്ങ് കണ്ടു. ഞാൻ തോക്ക് താഴെ വച്ച ശേഷം യുദ്ധം ചെയ്യാൻ താല്‍പര്യമില്ലെന്ന് അവിടെയുണ്ടായിരുന്ന സൈനികരോടു പറഞ്ഞു. എനിക്ക് സഹായം വേണമായിരുന്നു. എനിക്ക് റഷ്യയിലേക്ക് തിരിച്ചുപോകാൻ താല്‍പ്പര്യമില്ല’ – യുക്രെയ്ൻ സൈന്യത്തിന്റെ 63 -ാം യന്ത്രവല്‍കൃത ബ്രിഗേഡ് പുറത്തുവിട്ട വിഡിയോയില്‍ യുവാവ് പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെയാണ് യുക്രൈൻ സൈന്യം യുവാവിന്റെ വീഡിയോ പുറത്തുവിട്ടത്. റഷ്യൻ സൈന്യത്തിലേക്ക് വിദേശികളെ വ്യാപകമായി റിക്രൂട്ട് ചെയ്യുകയാണെന്ന് യുക്രെയ്ൻ സൈന്യത്തിന്റെ 63 -ാം ബ്രിഗേഡ് ആരോപിച്ചു. അതേസമയം, ഇന്ത്യൻ യുവാവ് യുക്രെയ്ൻ സൈന്യത്തിന്റെ പിടിയിലുണ്ടെന്ന വാർത്ത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. കീവിലെ ഇന്ത്യൻ എംബസിക്ക് യുക്രെയ്ൻ അധികൃതർ ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും വിവരം പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.



