പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം. അട്ടപ്പാടി സ്വദേശി ശാന്തകുമാര്‍ ആണ് മരിച്ചത്. പുതൂര്‍ തേക്കുവട്ട മേഖലയില്‍ താവളം- മുള്ളി റോഡില്‍ വച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ശാന്തകുമാറിനെ കാട്ടാന ആക്രമിച്ചത്.
കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയില്‍ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഉടനെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് മടങ്ങവെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.
സംസ്ഥാനത്ത് കാട്ടന ആക്രമണത്തില്‍ രണ്ടാമത്തെ മരണമാണ് അട്ടപ്പാടിയിലേത്. ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചിരുന്നു. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിക്കാണ്(62) ജീവന്‍ നഷ്ടമായത്.
തിങ്കളാഴ്ച രാവിലെ 11.45ഓടെ ഏലത്തോട്ടത്തില്‍ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്. ജോസഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു ജോസഫ്.



