ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ കോടതി മുറിക്കുള്ളിൽ ആക്രമണശ്രമം. ഒരു അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു.
സുരക്ഷാ ജീവനക്കാർ അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. രാവിലെ കേസുകൾ പരാമർശിക്കുമ്പോഴായിരുന്നു സംഭവം. കേസുകൾ പരാമർശിക്കവേ, സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്ന് അഭിഭാഷകൻ ആരോപിച്ചു. ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിലാണ് ഷൂ എറിയാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
“ഇതിലൊന്നും നിങ്ങളുടെ ശ്രദ്ധ തെറ്റരുത്. ഞങ്ങൾക്ക് ശ്രദ്ധ തെറ്റുന്നില്ല. ഈ കാര്യങ്ങളൊന്നും എന്നെ ബാധിക്കില്ല” ആര്‍ എസ് ഗവായ് സംഭവത്തോട് പ്രതികരിച്ചു.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിഭാഷകരുടെ കേസുകൾ പരിഗണിക്കുന്നതിനിടെയാണ് സംഭവം. അഭിഭാഷകൻ ഡയസിനടുത്തെത്തി ഷൂ അഴിച്ചുമാറ്റി ജഡ്ജിക്ക് നേരെ എറിയാൻ ശ്രമിക്കുകയായിരുന്നു. അതേസമയം, കോടതിയിലുണ്ടായിരുന്ന ചിലർ അഭിഭാഷകന്റെ വേഷം ധരിച്ചെത്തിയ ഇയാൾ എറിഞ്ഞത് ഒരു കടലാസ് ചുരുളാണെന്ന് പറയുന്നു.



