ഇന്തോനേഷ്യയില്‍ സ്‌കൂള്‍ തകര്‍ന്ന് അപകടം; നിരവധി വിദ്യാർത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു; ഒരു വിദ്യാർത്ഥിയുടെ മൃതദേഹം പുറത്തെത്തിച്ചു

സിഡോർജോ: ഇന്തോനേഷ്യയില്‍ ബോർഡിംഗ് സ്‌കൂള്‍ കെട്ടിടം തകർന്ന് വിദ്യാർത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. തിങ്കളാഴ്‌ച അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.

തകർന്ന കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ 65 വിദ്യാർത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ വിദ്യാർത്ഥികള്‍ക്കായി രക്ഷാപ്രവർത്തകർ ഓക്‌സിജനും വെള്ളവും എത്തിച്ചു. ഒരു വിദ്യാർത്ഥിയുടെ മൃതദേഹം മാത്രമാണ് പുറത്തെടുക്കാനായത്. തൊണ്ണൂറിലേറെ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന.

കിഴക്കൻ ജാവയിലെ സിഡോർജോ പട്ടണത്തിലെ അല്‍ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്‌കൂള്‍ കെട്ടിടമാണ് തകർന്നുവീണത്. 12 മണിക്കൂർ കഴിഞ്ഞാണ് രക്ഷാപ്രവർത്തകരും പൊലീസും സൈന്യവും സ്ഥലത്തെത്തിയത്. പരിക്കേറ്റ എട്ടുപേരെ പുറത്തെടുത്തു. മരണസംഖ്യ ഇനിയും കൂടുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. വാർത്തയറിഞ്ഞ് തകർന്ന കെട്ടിടത്തിനും സമീപവും ആശുപത്രിയിലുമായി കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും തടിച്ചുകൂടിയിട്ടുണ്ട്. ഏഴ് മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികളാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

ഭാരമേറിയ കോണ്‍ക്രീറ്റ് സ്ലാബുകളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശക്തിയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ അത് കെട്ടിടം വീണ്ടും തകർന്ന് അവശിഷ്‌ടങ്ങള്‍ കുട്ടികള്‍ക്ക് മുകളിലേക്ക് വീഴാൻ കാരണമാകുമെന്നും അവർ പറഞ്ഞു. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടു. ജീവനോടെയുള്ളവരിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. അനധികൃതമായി കെട്ടിടം വലുതാക്കാൻ മുകളില്‍ നിലകള്‍ പണിതതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ജൂള്‍സ് എബ്രഹാം അബാസ്റ്റ് പറഞ്ഞു. കെട്ടിടത്തിന്റെ അടിത്തറയ്‌ക്ക് വളരെ പഴക്കമുള്ളതിനാല്‍ പൊളിഞ്ഞ് വീഴുകയായിരുന്നു.

രക്ഷപ്പെടുത്തിയ കുട്ടികളില്‍ ചിലരുടെ നില ഗുരുതരമാണ്. പലർക്കും തലയ്ക്ക് വലിയ പരിക്കുകളുണ്ട്. ചിലരുടെ എല്ലുകള്‍ ഒടിഞ്ഞു. 13 വയസുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. പെണ്‍കുട്ടികളെല്ലാം കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തെ മുറിയിലായതിനാല്‍ അവരെല്ലാം രക്ഷപ്പെട്ടു.