മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലെ നിഘോജ് ഗ്രാമത്തിലാണ് ശ്രദ്ധ ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞതായിരുന്നു അവളുടെ കുട്ടിക്കാലം.
അച്ഛന്‍ അംഗപരിമിതനായിരുന്നു. അവരുടെ ഏക വരുമാനമാര്‍ഗ്ഗമായിരുന്നു ഒരു എരുമ. തന്റെ പതിനൊന്നാം വയസ്സില്‍ അവള്‍ അച്ഛനെ സഹായിക്കാനായി ഇറങ്ങി.
രാവിലെ പാല് കറന്ന് വിറ്റിട്ട് വേണം സ്‌കൂളില്‍ പോകാന്‍. അവള്‍ എരുമകളെപ്പറ്റിയും പാല്‍ക്കച്ചവടത്തെപറ്റിയും പഠിച്ചുകൊണ്ടേയിരുന്നു. പതിമൂന്ന് വയസ്സായപ്പോഴേക്കും 4 എരുമകളെക്കൂടി അവള്‍ സ്വന്തമാക്കി.
രാപകലില്ലാതെ അധ്വാനിച്ചു. ഈ നാല് പിന്നീട് എട്ടായി, അത് പിന്നെ എണ്‍പതായി. ലോണ്‍ എടുക്കാതെ തന്റെ ബിസിനസ്സ് മെച്ചപ്പെടുത്താന്‍ അവള്‍ തീരുമാനിച്ചു. കിട്ടുന്ന ചെറിയ ചെറിയ ലാഭം കൂട്ടിവെച്ചു.
പാലിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ എരുമകളുടെ തീറ്റയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഒപ്പം വൈവിധ്യവത്കരണത്തിന്റെ പാത തന്റെ ബിസിനസ്സില്‍ പിന്തുടരാനും തയ്യാറായി. തന്റെ ഫാമില്‍ മണ്ണിരകമ്പോസ്റ്റ് ആരംഭിച്ചു. ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും പരിശീലന പരിപാടികള്‍ നടത്തി..
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഡയറി, മണ്ണിരകമ്പോസ്റ്റ്, പരിശീലന പരിപാടികള്‍ എന്നിവയില്‍ നിന്നും ശ്രദ്ധ ധവാന്‍ നേടിയത് ഒരു കോടിയിലധികം രൂപയാണ്.
അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാഴ്ചപ്പാടിന്റെയും ആകെത്തുകയാണ് ശ്രദ്ധ ധവാന്‍. വിശാലമായ കാഴ്ചപ്പാടും ഒപ്പം കഠിനാധ്വാനവുമുണ്ടെങ്കില്‍ ചെറിയ തുടക്കങ്ങള്‍പോലും വലിയ നേട്ടങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും..
ഒരു ചെറിയ വിത്താണ് കൊടുംകാടിന്റെ തുടക്കം.. അതെ അത്തരമൊരു വിത്തിന് രൂപം കൊടുക്കാന്‍ നമുക്കും സാധിക്കട്ടെ
– ശുഭദിനം.



