ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരും: യുഎന്നില്‍ നെതന്യാഹു; നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇറങ്ങിപ്പോയി

ന്യൂയോര്‍ക്ക്: ഹമാസിനെ ഇല്ലാതാക്കും വരെ ഇസ്രയേലിന്റെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഐക്യരാഷ്‌ട്രസഭയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു.

നെതന്യാഹു പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ പ്രതിഷേധാര്‍ത്ഥം യുഎന്‍ പൊതുസഭയില്‍ നിന്നും ഇറങ്ങിപ്പോയെങ്കിലും, നെതന്യാഹു തന്റെ പ്രസംഗം തുടര്‍ന്നു. ഹമാസ് ഭീകരര്‍ ബന്ദികളാക്കിപ്പിടിച്ച, ഇനിയും വിട്ടുകിട്ടാത്തവരെ താന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിനെ ആക്രമിക്കുകയും 1200 പേരെ വധിക്കുകയും 48 ഇസ്രയേലികളെ ബന്ദികളാക്കുകയും ചെയ്തു. അതിനെതിരെയായിരുന്നു ഇസ്രയേലിന്റെ യുദ്ധമെന്നും ഹമാസിനെതിരെ മാത്രമല്ല, ഇറാന്‍ പിന്തുണ നല്‍കുന്ന മറ്റ് ഭീകരവാദസംഘടനകള്‍ക്കെതിരായ യുദ്ധത്തിലും ഇസ്രയേല്‍ വിജയിച്ചെന്നും നെതന്യാഹു പറഞ്ഞു. ലോകത്ത് പലരും ഒക്ടോബര്‍ എഴിനെ ഇപ്പോള്‍ മറന്നുകാണും. പക്ഷെ ഇസ്രയേല്‍ ഈ ദിവസം ഓര്‍മ്മിക്കുന്നു- വികാരാധീനനായി നെതന്യാഹു പറഞ്ഞു.

പ്രസംഗത്തിന് മുന്നോടിയായി, നെതന്യാഹുവിന്‍റെ നിർദേശപ്രകാരം ഇസ്രയേല്‍ സൈന്യം ഗാസയ്ക്ക് ചുറ്റും ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ഗാസയിലെ മൊബൈല്‍ ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാൻ ഇസ്രയേല്‍ ഇന്‍റലിജൻസിന് നിർദേശം നല്‍കിയതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസംഗത്തില്‍, ഹമാസ് നേതാക്കളോട് “കീഴടങ്ങുക, ആയുധങ്ങള്‍ താഴെവെക്കുക, ബന്ദികളെ മോചിപ്പിക്കുക” എന്ന് നെതന്യാഹു ആവശ്യപ്പെട്ടു.

ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ച നെതന്യാഹു, ഇറാനെതിരായ ഉപരോധങ്ങള്‍ തുടരണമെന്നും പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഗാസയിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്‍റെ നിലപാടുകള്‍ യുഎൻ വേദിയില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍. ഈ പ്രസംഗവും ബഹിഷ്കരണവും ഗാസ പ്രതിസന്ധിയിലെ അന്താരാഷ്ട്ര നയതന്ത്ര ചർച്ചകളില്‍ പുതിയ വെല്ലുവിളികള്‍ ഉയർത്തിയേക്കാം.