വാഷിംഗ്‌ടൺ: യുഎസ് നഗരമായ ടെക്‌സാസിൽ സ്ഥാപിച്ചിരിക്കുന്ന ഹനുമാൻ പ്രതിമയെക്കുറിച്ച് ടെക്‌സാസ് റിപ്പബ്ളിക്കൻ പാർട്ടി നേതാവ്. 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയാണ് അലക്സാണ്ടർ ഡങ്കന്റെ പരാമർശം. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നാണ് ഡങ്കന്റെ ചോദ്യം.
ഹനുമാൻ പ്രതിമയുടെ വീഡിയോ പങ്കുവച്ചാണ് റിപബ്ലിക്കൻ നേതാവിന്റെ പരാമർശം. ടെക്സാസിലെ ഷുഗർ ലാൻഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് 90 അടിയുള്ള ഹനുമാൻ പ്രതിമ.
“ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. ആകാശത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിൻ്റെയും വിഗ്രഹമോ പ്രതിമയോ നീ സ്വയം ഉണ്ടാക്കരുത്. പുറപ്പാട് 20:3-4,” എന്ന ബൈബിൾ വചനങ്ങളും അലക്സാണ്ടർ ഡങ്കൻ എക്സിൽ മറ്റൊരു കുറിപ്പിൽ ഉദ്ധരിച്ചിട്ടുണ്ട്.
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എന്ന സംഘടന അലക്സാണ്ടർ ഡങ്കനെതിരെ റിപബ്ലിക്കൻ പാർട്ടിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ ഭരണഘടന നൽകിയിരിക്കുന്ന സ്വാതന്ത്ര്യം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് അലക്സാണ്ടർ ഡങ്കനെ തിരുത്തുന്നവരും ഏറെയാണ്. 2024ൽ ശ്രീ ചിന്നാജീയർ സ്വാമിയാണ് സ്റ്റാച്യു ഒഫ് യൂണിയൻ അനാച്ഛാദനം ചെയ്തത്. യുഎസിലെ മൂന്നാമത്തെ ഉയരമുള്ള പ്രതിമയാണിത്.




