ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ കടുത്ത എതിർപ്പ് മറികടന്ന് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് യൂറോപ്യൻ രാജ്യങ്ങള്‍. യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങി പത്തോളം പ്രധാന യൂറോപ്യൻ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതോടെ മധ്യേഷ്യൻ രാഷ്ട്രീയം പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതില്‍ ബ്രിട്ടൻ പലസ്തീനെ അംഗീകരിച്ചതായി അറിയിച്ചു.
പലസ്തീനെ അംഗീകരിച്ച രാജ്യങ്ങള്‍ക്കെതിരെ ബെഞ്ചമിൻ നെതന്യാഹു പരസ്യമായി രംഗത്തെത്തി. നടപടി ഇസ്രായേലിന്‍റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് നെതന്യാഹു പറഞ്ഞു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസിനുള്ള പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല ഇതെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഹമാസിനുള്ള ഒരു പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല. യുകെയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇതിനെല്ലാം ധൈര്യപ്പെടുന്നുവെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
‘ഹമാസ് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു: ഈ അംഗീകാരം ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയുടെ പ്രതിഫലം ആണെന്ന്.’ വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് തള്ളിയാണ് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടയിലാണ് ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ബ്രിട്ടന്റെ തീരുമാനത്തോട് താന്‍ യോജിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹമാസിനെ ഒറ്റപ്പെടുത്തണമെങ്കില്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന നിലപാട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയിരുന്നു.
ഫ്രാൻസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ അടുത്തയാഴ്ച ഐക്യരാഷ്ട്രസഭയില്‍ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും പലസ്തീൻ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങള്‍ക്കെതിരെയും ഐക്യരാഷ്ട്രസഭയിലും മറ്റെല്ലാ മേഖലകളിലും നമ്മള്‍ പോരാടേണ്ടതുണ്ടെന്നും നെതന്യാഹു തന്‍റെ മന്ത്രിസഭയോട് പറഞ്ഞു.




