ഗാസ സിറ്റി: ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഗാസയിൽ ബാക്കിയുള്ള 47 ഇസ്രായേലി ബന്ദികളുടെ ‘വിടവാങ്ങൽ’ ചിത്രങ്ങൾ ഹമാസ് ശനിയാഴ്ച പ്രസിദ്ധീകരിച്ചു. ‘ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിടിവാശിയും [ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഇയാൽ] സാമിറിന്റെ വിധേയത്വവും കൊണ്ട് ഗാസയിലെ ഈ സൈനിക നടപടിയുടെ തുടക്കത്തിലുള്ള ഒരു വിടവാങ്ങൽ ചിത്രമാണിത്’ എന്ന അടിക്കുറിപ്പോടെയാണ് ഹമാസിന്റെ സായുധവിഭാഗമായ എസെദ്ദിൻ അൽ-ഖസാം ബന്ദികളുടെ ചിത്രങ്ങൾ ടെലിഗ്രാം ചാനലിലൂടെ പുറത്തുവിട്ടത്.
ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഓപ്പറേഷനുമായി ഇസ്രേലി സേന മുന്നോട്ടു പോകുന്നതിനിടയിലാണ് ഭീകരർ ഇത്തരമൊരു നടപടിക്കു മുതിർന്നത്. ഇസ്രേലി വ്യോമസേനാ ഉദ്യോഗസ്ഥൻ റോണ്‍ അരാദിന് എന്തുപറ്റി എന്നറിയാത്ത ഗതി ഗാസയിലെ ബന്ദികള്‍ക്കു വരുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിരിക്കുന്നത്. ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സന്ദേശത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബന്ദി മോചനം ഉള്‍പ്പെടുന്ന വെടിനിർത്തല്‍ കരാർ തള്ളിക്കളഞ്ഞുവെന്നും ഇസ്രേലി സൈനിക മേധാവി ഇയാല്‍ സമീർ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടു പോകാൻ തയാറായി എന്നും പറയുന്നു.
‘തടവുകാരെ ഗാസ നഗരത്തിന്റെ അയല്‍പക്കങ്ങളില്‍ താമസിപ്പിച്ചിട്ടുണ്ട്. നെതന്യാഹു അവരെ കൊല്ലാൻ തീരുമാനിക്കാത്തിടത്തോളം കാലം അവരുടെ ജീവനെകുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയില്ല”-എന്നാണ് അല്‍ ഖസ്സാം ബ്രിഗേഡ് പ്രസ്താവനയില്‍ ഭീഷണി മുഴക്കുന്നത്.



