ഒരിക്കല്‍ അയാള്‍ കടല്‍തീരത്ത്കൂടി നടക്കുന്നതിനിടയില്‍ ഒരു കടാലമയെ കുട്ടികള്‍ ഉപദ്രവിക്കുന്നത് കണ്ടു.
അയാള്‍ ഓടിച്ചെന്ന് കുട്ടികളെ ഓടിപ്പിച്ച് ആമയെ രക്ഷിച്ചു കടലിലേക്ക് വിട്ടു. പിറ്റേന്ന് അയാള്‍ അവിടെയത്തിയപ്പോള്‍ ഭീമാകാരനായ ഒരു കടലാമ അടുത്തെത്തി അയാളോട് പറഞ്ഞു:
ഇന്നലെ താങ്കള്‍ രക്ഷപ്പെടുത്തിയത് എന്റെ ബന്ധുവിനെയാണ്. കടല്‍ റാണിക്ക് താങ്കളെ കാണണമെന്ന് ആഗ്രഹമുണ്ട്. ദയവായി എന്നോടൊപ്പം വരണം.
അയാള്‍ ആമയോടൊപ്പം കൊട്ടാരത്തിന്റെ അടിത്തട്ടിലെത്തി. മനോഹരമായ സ്ഥലം. അവിടം അയാള്‍ക്ക് ഇഷ്ടപ്പെട്ടു.
കുറെക്കാലം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് തിരിച്ച് പോകണമെന്ന് തോന്നി. പോകാനിറങ്ങിയപ്പോള്‍ റാണി അയാള്‍ക്കൊരു സമ്മാനപ്പൊതി നല്‍കിയിട്ട് പറഞ്ഞു:
ഇതൊരിക്കലും തുറന്ന് നോക്കരുത്. നാട്ടിലെത്തിയപ്പോള്‍ അയാള്‍ക്ക് പരിചയമുളള ആരും അവിടെയുണ്ടായിരുന്നില്ല. തന്റെ കുടുംബാംഗങ്ങളുടെ പേരുപോലും അറിയുന്ന ആരും ഉണ്ടായിരുന്നില്ല. താന്‍ നൂറ്റാണ്ടുകള്‍ കൊട്ടാരത്തില്‍ ചിലവഴിച്ചെന്ന് അയാള്‍ക്ക് മനസ്സിലായി.
എന്നിട്ടും തന്റെ യുവത്വം നിലനില്‍ക്കുന്നുണ്ട്. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് തന്റെ സമ്മാനപ്പൊതിയില്‍ എന്താണെന്ന് അറിയാനുളള ആഗ്രഹമായി. അയാള്‍ ആ പൊതി തുറന്നു.
തല്‍ക്ഷണം അയാള്‍ പടുവൃദ്ധനായി മാറി എല്ലാ അരുതുകളുടേയും പിന്നില്‍ ചില അദൃശ്യകാരണങ്ങളുണ്ടാകും. അവയുടെയെല്ലാം യുക്തികണ്ടെത്തി അവ പിന്തുടരാനുമാകില്ല. എന്തൊക്കെ ചെയ്യരുതെന്ന വിലക്കുണ്ടോ അതെല്ലാം ചെയ്യുവാനുളള പ്രലോഭനത്തെ മറികടക്കാന്‍ അധികമാര്‍ക്കും സാധിക്കാറില്ല.
ചെയ്താല്‍ എന്ത് സംഭവിക്കും എന്നറിയാനുളള അഭിലാഷമാണ് പലരുടേയും ചിറകരിഞ്ഞിട്ടുളളത്. എല്ലാ അരുതുകള്‍ക്കും രണ്ട് വശങ്ങളുണ്ട്. തത്സമയ സന്തോഷവും, ആത്യന്തിക ദുരന്തവും..
അരുതാത്തിതിലേക്ക് നടക്കാതിരിക്കാന്‍ ശീലിക്കാം.. അരുതുകളെ ബഹുമാനിക്കാനും
– ശുഭദിനം.



