ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമെന്ന് റിപ്പോർട്ട്. ഗാസ സിറ്റി പൂർണമായും ഇസ്രയേല്‍ സൈന്യം വളഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വ്യോമാക്രമണവും കരയാക്രമണവും ശക്തമാക്കിയിട്ടുണ്ട്. പുറംലോകവുമായി പൂർണമായും ബന്ധം നഷ്ടമായ ആറു ലക്ഷത്തോളം പലസ്തീനികളാണ് ഗാസ സിറ്റിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഫോണ്‍ – ഇന്റർനെറ്റ് ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു.
ഇസ്രയേല്‍ വ്യോമസേന നടത്തുന്ന ബോംബാക്രമണത്തിനൊപ്പം കരസേനയുടെ പീരങ്കിയാക്രമണവും ശക്തമാണ്. ഇന്നലെ മാത്രം 33 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസ് നേതാവ് മഹ്മൂദ് യൂസുഫ് അബു അല്‍ഖീറിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഹമാസ് സൈനിക ഇന്റലിജൻസ് ഉപമേധാവിയാണ് മഹ്മൂദ് യൂസുഫ് അബു അല്‍ഖീർ.
അതേസമയം, ഇസ്രയേല്‍ അതിർത്തിയില്‍ നൂറുകണക്കിന് ഇസ്രയേല്‍ പൗരന്മാർ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ടു പ്രകടനം നടത്തി. അധിനിവേശ വെസ്റ്റ് ബാങ്കിനും ജോർദാനുമിടയിലെ പാത ഇസ്രയേല്‍ അടച്ചു. കഴിഞ്ഞദിവസം ജോർദാനില്‍നിന്ന് സഹായവുമായെത്തിയ സംഘത്തിലെ ഒരു ട്രക്ക് ഡ്രൈവർ നടത്തിയ വെടിവയ്പില്‍ രണ്ട് ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്നാണിത്.
അതിർത്തിയില്‍ ജോർദാൻ നദിയിലെ അലൻബി പാലവും അടച്ചു. ജോർദാൻ-ഇസ്രയേല്‍ മുഖ്യവ്യാപാരപാതയാണിത്. വെസ്റ്റ്ബാങ്കില്‍നിന്നുള്ള പലസ്തീൻകാരും ജോർദാൻ വഴിയാണ് പുറത്തുകടക്കുന്നത്. അതേസമയം, പലസ്തീൻ രാഷ്ട്രം അംഗീകരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഒരുസംഘം ഡെമോക്രാറ്റ് അംഗങ്ങള്‍ യുഎസ് സെനറ്റില്‍ അവതരിപ്പിച്ചു. ഇതാദ്യമാണ് യുഎസ് സെനറ്റില്‍ പലസ്തീൻ അനുകൂല പ്രമേയം. ഡെമോക്രാറ്റ് പക്ഷത്തുള്ള സ്വതന്ത്ര സെനറ്റർ ബേണി സാൻഡേഴ്സ് കഴിഞ്ഞദിവസം ഗാസയിലേത് വംശഹത്യയാണെന്നു പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഒരു യുഎസ് സെനറ്റർ ഇസ്രയേലിനെതിരെ വംശഹത്യ ആരോപണം ഉയർത്തുന്നത്.




