കാലിഫോർണിയ: അമേരിക്കയില്‍ മോഷണശ്രമം തടയുന്നതിനിടെ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിനി കിരണ്‍ പട്ടേലാണ് കൊല്ലപ്പെട്ടത്. ന്യൂജേഴ്‌സിയിലെ യൂണിയൻ കൗണ്ടിയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.
കടയില്‍ മോഷണത്തിനെത്തിയ ആള്‍ക്ക് പണം കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അക്രമി യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.കിരണ്‍ ഏറെക്കാലമായി ഈ കടയില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു.
കടയുടെ പാർക്കിംഗ് ഏരിയയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കിരണിനെ പൊലീസ് കണ്ടെത്തിയത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അക്രമി തൊട്ടടുത്ത് നിന്ന് യുവതിയെ വെടിവച്ചതിനാലാണ് പെട്ടെന്ന് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. അക്രമിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.




