കർണാടകയിലെ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍ വൻ ബാങ്ക് കൊള്ള നടന്നതായി റിപ്പോർട്ട്.
ഏകദേശം എട്ട് കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് അഞ്ചംഗ സംഘം കവർച്ച നടത്തിയത്. സംഭവത്തെക്കുറിച്ച് ബാങ്ക് അധികൃതർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പോലീസിന് മൊഴി നല്‍കി. കവർച്ചയ്ക്ക് പിന്നില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. മോഷണം നടത്തിയ ശേഷം സംഘം രക്ഷപ്പെടാനായി ഉപയോഗിച്ച കാർ കണ്ടെത്തി. ഇത് മഹാരാഷ്ട്രയിലെ സോലാപൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
കാറും മോഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ പകുതിയും ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. കാർ ആടുകളെ ഇടിച്ചതിനെ തുടർന്നാണ് ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്. കവർച്ചാ സംഘത്തെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.



