തിരുവനന്തപുരം:
പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി – നോർക്ക കെയർ’ നടപ്പിലാക്കുകയാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ. കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്കും അവരുടെ കുടുംബത്തിനും ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയിൽ ജിസിസി രാജ്യങ്ങളിലുൾപ്പെടെയുള്ള ആശുപത്രികളിലും പദ്ധതി ലഭ്യമാക്കും.
പോളിസിയുടെ ഭാഗമായശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുളള സംവിധാനവും ഒരുക്കും. ഏറെകാ ലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത്. ലോകകേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ഈ ആശയത്തിൻ്റെ സാ ക്ഷാത്ക്കാരമാണ് നോർക്ക കെയർ എന്നും പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
നോർക്ക കെയർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 22 ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ബഹു. കെഎൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. നോർക്ക കെയർ മൊബൈൽ ആപ്പുകൾ ചടങ്ങിൽ പ്രകാശനം ചെയ്യും. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ ലഭ്യമാകും.
പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ‘നോർക്ക കെയർ’ പദ്ധതിയിൽ ലഭിക്കും. നോർക്ക ഐഡി കാർഡ് ഉള്ളവർക്ക് പദ്ധതിയിൽ ചേരാനാകും.
പ്രായപരിധിയില്ലാതെയും മെഡിക്കൽ ടെസ്റ്റുകൾ ഇല്ലാതെയും നോർക്ക കെയറിൽ ചേരാമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി വിശദീകരിച്ചു. പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്‌ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.



