ബന്ദികളെ ഭൂഗര്‍ഭ അറകളില്‍ നിന്നും മാറ്റുന്നു; പുതിയ തന്ത്രവുമായി ഹമാസ്

ടെല്‍ അവീവ്: ഗാസ മുനമ്ബിലെ ചില ബന്ദികളെ ഭൂഗർഭ അറകളില്‍ നിന്നും ജനവാസ മേഖലകളിലെ വീടുകളിലേക്ക് ഹമാസ് മാറ്റുന്നെന്ന് റിപ്പോർട്ട്.

ചില ബന്ദികളെ വീടുകളിലും മറ്റുള്ളവർ കൂടാരങ്ങളിലുമാണെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച്‌ കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍ നടത്തുന്ന കരയാക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഹമാസിന്റെ പുതിയ നീക്കം. ഗാസ സിറ്റിയില്‍ ഹമാസ് “നിയമസാധുതയുള്ള പതിയിരിപ്പ്” എന്ന് വിളിക്കപ്പെടുന്ന ഒരു ആക്രമണം ഒരുക്കുന്നുണ്ടെന്നും കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണം നിർത്താൻ ഇസ്രായേലിന് മേലുള്ള അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് സിവിലിയൻ നാശനഷ്ടങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ഹമാസിനെതിരായ സൈന്യത്തിന്റെ ആസൂത്രിത ആക്രമണത്തിന് മുന്നോടിയായി മൂന്ന് ലക്ഷത്തിലധികം പലസ്തീനികള്‍ ഗാസ സിറ്റിയില്‍നിന്ന് ഗാസ മുനമ്ബിലെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ സേന(ഐഡിഎഫ്)യുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ രാത്രി മാത്രം 20,000 പേർ ഗാസ സിറ്റി വിട്ടതായാണ് സൂചന.

പത്ത് ലക്ഷത്തിലധികം പലസ്തീനികള്‍ ഗാസ സിറ്റിയില്‍ താമസിച്ചിരുന്നതായാണ് കണക്ക്. ആക്രമണത്തിന് മുന്നോടിയായി ഗാസ സിറ്റിയിലെ എല്ലാവരും ഉടൻ ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞയാഴ്ച ഐഡിഎഫ് ഉത്തരവിട്ടിരുന്നു. ഗാസ മുനമ്ബിന്റെ തെക്ക് ഭാഗത്ത് ഇസ്രയേല്‍ നിശ്ചയിച്ച മാനുഷിക മേഖലയിലേക്ക് പോകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഗാസ മുനമ്ബില്‍ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഗാസ നിവാസികള്‍ പറയുന്നത്.

അതേസമയം, ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങള്‍ നിർമ്മിക്കുകയായിരുന്ന ഹമാസ് പ്രവർത്തകനെ ഇസ്രയേല്‍ കൊലപ്പെടുത്തി. മുഹമ്മദ് അലി യാസിൻ എന്നയാളെയാണ് കഴിഞ്ഞ രാത്രി തെക്കൻ ലെബനനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചത്. ഇക്കാര്യം ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നബാത്തിയേ പ്രദേശത്ത് കാറിലായിരിക്കെയാണ് മുഹമ്മദ് അലി യാസിൻ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്.

നബാത്തിയേയുടെ തെക്കുള്ള ബുർജ് ക്വാലൂയ പട്ടണത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ലെബനനിലെ ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു. 2024 നവംബറിലെ വെടിനിർത്തലിന് ശേഷം സമാധാന കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച 230-ലധികം ഹിസ്ബുള്ള പ്രവർത്തകരെ ലെബനനില്‍ നടത്തിയ ആക്രമണങ്ങളില്‍ വധിച്ചതായി ഐഡിഎഫ് പറയുന്നു.