ഹമാസ് നേതാക്കളെ പുറത്താക്കണം: ഖത്തറിനോട് നെതന്യാഹു

ഹമാസ് നേതാക്കളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ഖത്തറിനോട് ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ഖത്തറില്‍ കഴിയുന്ന ഹമാസ് നേതാക്കളെ പുറത്താക്കാനോ വിചാരണ ചെയ്യാനോ തയ്യാറാകണമെന്നും, ഗാസ യുദ്ധം അവസാനിക്കാൻ ഇത് വഴിയൊരുക്കുമെന്നും നെതന്യാഹു പറഞ്ഞു. വിഷയം പരിഹരിച്ചില്ലെങ്കില്‍ തുടർ നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി.

കഴിഞ്ഞ ചൊവ്വാഴ്ച വടക്കൻ ദോഹയിലെ ഹമാസ് ആസ്ഥാനത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടി തീരുമാനിക്കാനായി ഖത്തർ വിളിച്ച അടിയന്തര അറബ് – ഇസ്ലാമിക് ഉച്ചകോടി ഇന്നലെ ദോഹയില്‍ തുടങ്ങിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.

അറബ് ലീഗ്, ഇസ്ലാമിക് സഹകരണ സംഘടന (ഒ.ഐ.സി) രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്നലെ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്‍ റഹ്മാൻ അല്‍ താനി യോഗത്തില്‍ ഇസ്രയേലിനെ ശക്തമായി അപലപിച്ചു.

ഇസ്രയേലിന് കർശന മറുപടി നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം, അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഉപേക്ഷിച്ച്‌ ഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ക്കെതിരെ രംഗത്തെത്തണമെന്ന് ആഹ്വാനം ചെയ്തു. ഇസ്രയേല്‍ ആക്രമണം മേഖലയെ അസ്ഥിരപ്പെടുത്താനുള്ള പ്രകോപനമാണെന്ന് ഉച്ചകോടിയുടെ കരട് പ്രമേയത്തില്‍ പറയുന്നു. ഇന്നാണ് ഉച്ചകോടിയില്‍ രാഷ്ട്രത്തലവൻമാരുടെ നിർണായക ചർച്ച.