മരണത്തെ ജയിച്ച ‘മാലുമി’ ശബ്ദം

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

ജീവിതത്തിൻ്റെ 1വഴികളിൽ പല ശബ്ദങ്ങളും നാം കേൾക്കാറുണ്ട് . ഏത് ശബ്ദത്തിന് ചെവി കൊടുക്കണമെന്ന് ചിന്തിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റിലും ഉണ്ട്. മാലുമി ശബ്ദവും മരണത്തെ ജയിച്ചവന്റെ ശബ്ദവും തികച്ചും വ്യത്യസ്തമാണ്. അധികാരത്തിന്റെ അങ്കി ധരിച്ചുകൊണ്ട് ദൈവശബ്ദത്തെ തുച്ഛീകരിക്കരുത്. ആ യാത്ര മരണത്തിലേക്കുള്ള യാത്രയാണ്. കപ്പൽ എത്ര കെട്ടുറപ്പുള്ളതാണെന്ന് തോന്നിയാലും നൂറ്റാണ്ടുകൾ കഴിക്കുവാനുള്ളത് കൂട്ടി വെച്ചിട്ടുണ്ടെന്ന് കരുതിയാലും ഈ യാത്ര പരാജയത്തിലേക്കും, നിരാശയിലേക്കും, നീരാളി പിടുത്തത്തിന്റെ നേർച്ചുഴിയിലേക്കും കൊണ്ടെത്തിക്കും.

മാലുമി പ്രസ്താവനകൾ പലപ്പോഴും സ്വന്തം വിവേകത്തിൽ ഊന്നിക്കൊണ്ട് അധികാരത്തിന്റെ ആനപ്പുറത്തിരുന്ന് കൊണ്ടുള്ള സന്ദേശമാണ്. ഇത് പണക്കൊഴുപ്പിന്റെയും നിഗളത്തിന്റെയും ശബ്ദമാണ്. മാലുമിമാരിൽ വ്യാപരിക്കുന്ന ആത്മാവ് പലപ്പോഴും നെബുക്കത്ത്നേസറിൻ്റേതാണ്. പ്രതാപത്തിന്റെയും, ആഖാന്റെ അനുസരണക്കേടിന്റെയും, ഹാമാന്റെ കൈപ്പിന്റെയും ചേരുവകൾ ചേർന്നുള്ള ശബ്ദമാണ്. കപ്പലോട്ടം പലപ്പോഴും വിഷമമുള്ളതാണ് ഏതു നേരത്തും തിരകളും കൊടുങ്കാറ്റുകളും ആഞ്ഞടിക്കാം സാക്ഷാൽ നങ്കൂരമായ ശബ്ദം തിരിച്ചറിയുന്നവൻ ഊഹാപോഹങ്ങളിൽ കുടുങ്ങിക്കിടന്ന് യാത്ര പോകില്ല.

പെരുവെള്ളങ്ങൾക്കും പ്രതികൂലത്തിനും മരണത്തെ ജയിച്ചവന്റെ ശബ്ദത്തെ മുക്കി കളയുവാൻ കഴിയില്ല. ഈ ശബ്ദം നാലാം യാമത്തിലും, നാറ്റം പിടിച്ചു എന്ന് പറയുന്ന ഇടത്തും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ശബ്ദം ശ്രദ്ധിക്കുന്നവരുടെ യാത്ര ജീവനിലേക്കുള്ള യാത്രയാണ്. അത് മരണത്തിലേക്കുള്ള യാത്ര അല്ല

തട്ടിട്ട വീടുകളിൽ പാർത്തുകൊണ്ടും, തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടുമുള്ള ഓട്ടം ശുഭമാകുകയില്ല ദുഷ്കരമായി മാറും. മാലുമി ശബ്ദം മരണത്തിലേക്കുള്ള കാൽവെപ്പുകൾ ആയി മാറുമ്പോൾ മരണത്തെ ജയിച്ചവന്റെ ശബ്ദം പറയുന്നു ,നീ കഷ്ടതയുടെ നടുവിൽ കൂടി നടന്നാലും ഞാൻ നിന്നെ ജീവിപ്പിക്കും. മാലുമി ശബ്ദത്തിന് ചെവി കൊടുത്താൽ ചൈതന്യം നഷ്ടപ്പെടും, ചരക്കുകൾ പുറത്തുകളയേണ്ടി വരും.

മാലുമി ശബ്ദത്തിന് കപ്പൽ നീക്കിയാൽ കഷ്ടതയുടെ തീച്ചൂള പിന്തുടരും . മരണത്തെ ജയിച്ചവന്റെ ശബ്ദം അനുസരിക്കുന്നവർക്ക് കഷ്ടമുണ്ട്, പ്രതികൂലമുണ്ട് എങ്കിലും അഗ്നി ജ്വാല നിന്നെ ദഹിപ്പിക്കയില്ല, പെരുവെള്ളം നിന്നെ മുക്കിക്കളയുകയുമില്ല. ആരുടെയും ആലോചന വേണ്ട , ഞാൻ കേമനാണ് എന്നുള്ള അഹങ്കാരമാണ് ചിലർക്ക് . ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും അതിൻ്റെ അവസാനമോ മരണ വഴികൾ അത്രേ. (സദൃശ്യവാക്യം 14 :12 )