കാഠ്മണ്ഡു: നേപ്പാളിൽ അക്രമാസക്തമായ സർക്കാർവിരുദ്ധ പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ജയിൽചാട്ടം. വിവിധ ജയിലുകളിൽ നിന്ന് ഏഴായിരത്തിലേറെ പേർ രക്ഷപ്പെട്ടു. പടിഞ്ഞാറൻ നേപ്പാളിലെ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ പ്രായപൂർത്തിയാകാത്ത അഞ്ച് തടവുകാർ മരിച്ചു. നാലു പേർക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വ രാത്രി ബാങ്കെയിലെ ബൈജ്‌നാഥ് റൂറൽ മുനിസിപ്പാലിറ്റിയിലെ നൗബാസ്റ്റ റീജിയണൽ യിലിലെ കറക്ഷണൽ ഹോമിലാണ് സംഭവം.
പ്രതിഷേധങ്ങൾ മുതലെടുത്ത് തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചതോടെ നിരവധി ജയിലുകളിൽ സംഘർഷമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തടവുകാർ കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് പൊലീസ് വെടിയുതിർത്തതെന്ന് ദി റൈസിങ് നേപ്പാൾ പത്രം റിപ്പോർട്ട്‌ചെയ്‌തു. ജയിലിലെ 585 തടവുകാരിൽ 149 പേരും ജുവനൈൽ ഹോമിലെ 176 തടവുകാരിൽ 76 പേരും രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.
തെക്കൻ നേപ്പാളിലെ ബാഗ്മതി പ്രവിശ്യയിലെ സിന്ധുലിഗാധി ജില്ലാജയിലിൽനിന്ന് 43 സ്ത്രീകൾ ഉൾപ്പെടെ 471 തടവുകാരും രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ തടവുകാർ ജയിലിൽ തീയിട്ടശേഷം പ്രധാന ഗേറ്റ് തകർത്ത് രക്ഷപ്പെടുകയായിരുന്നു. തെക്കൻ നേപ്പാളിലെ നവാൽപരസി വെസ്റ്റ് ജില്ലാ ജയിലിൽനിന്ന് അഞ്ഞൂറിലധികം തടവുകാർ രക്ഷപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡുവിൽ ദില്ലിബസാർ ജയിലിൽനിന്ന് രക്ഷപ്പെട്ട തടവുകാരനെ യുവാക്കൾ പിടികൂടി സൈന്യത്തിന് കൈമാറി. ബുധനാഴ്ച വൈകിട്ട് സപ്താരിയിലെ രാജ്ബിരാജ് ജയിലിൽ തടവുകാർ തീയിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും ചിലർ ഓടിരക്ഷപ്പെട്ടു.



