കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തെ തുടന്ന് രാജിവച്ച പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലിക്കു പകരം നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി എത്തുമെന്ന് ഉറപ്പായി.
നേപ്പാള്‍ സൈനിക മേധാവി ജനറല്‍ അശോക് രാജ് സിഗ്ഡലിന്റെ ഇടപെടലിനെ തുടർന്നാണ് കർക്കി പ്രധാനമന്ത്രിയാകാൻ സമ്മതിച്ചത്.
ജെൻ സി പ്രതിഷേധങ്ങള്‍ക്ക് പിന്നിലുള്ള ഗ്രൂപ്പുകളുമായും മറ്റ് വ്യക്തികളുമായും ജനറല്‍ സിഗ്ഡല്‍ പലതവണ ചർച്ചകള്‍ നടത്തി. കർക്കിയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനത്തെ പ്രക്ഷോഭകരും അംഗീകരിച്ചതോടെ അദ്ദേഹം അവരുടെ വസതിയില്‍ നേരിട്ട് എത്തുകയും ഇടക്കാല സർക്കാരിനെ നയിക്കാൻ ഏറ്റവും അനുയോജ്യയായ വ്യക്തി കർക്കിയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ആദ്യം കർക്കി പ്രധാനമന്ത്രിയാകണമെന്ന തീരുമാനം സ്വീകരിക്കാൻ മടികാണിച്ചെങ്കിലും 15 മണിക്കൂറിനുശേഷം ജെൻ സി ഗ്രൂപ്പുകള്‍ ഔപചാരികമായി അഭ്യർത്ഥിച്ചപ്പോള്‍ അവർ സമ്മതിച്ചു. കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷായെ ഇടക്കാല പ്രധാനമന്ത്രിയാകണമെന്ന് ജെൻ സി പ്രതിഷേധക്കാരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കൂടുതല്‍ പേർ കർക്കിയെ പിന്തുണയ്ക്കുകയായിരുന്നു.
നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആണ് കർക്കി. അഴിമതിക്കെതിരെ ശക്തമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. കർക്കിയുടെ കാലാവധിയില്‍, അന്നത്തെ വാർത്താവിതരണ മന്ത്രി ജയപ്രകാശ് പ്രസാദ് ഗുപ്ത അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2017 ജൂണിലാണ് വിരമിച്ചത്. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാജ്യത്തെ അവർ നയിക്കും.
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്സ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് നേപ്പാളില്‍ ജെൻ സി പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തില്‍ രാജ്യത്തുടനീളം കുറഞ്ഞത് 19 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാഠ്മണ്ഡുവില്‍ മാത്രം, സ്കൂള്‍, കോളേജ് വിദ്യാർത്ഥികളായ 18 പ്രതിഷേധക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരെയുള്ള പോരാട്ടമായി തുടരുകയാണ്.



