റഷ്യ വികസിപ്പിച്ചെടുത്ത ക്യാൻസർ പ്രതിരോധ വാക്സിൻ 100 ശതമാനം ഫലപ്രദം

ക്യാന്‍സറിനുള്ള പ്രതിരോധ വാക്‌സിന്‍ എന്റെറോമിക്‌സ് പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചതായി റഷ്യ. വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്‌സോവ വ്ളാഡിവോസ്‌റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്‌സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.

കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്‌സിന്‍ വഴിയൊരുക്കും. റഷ്യയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.