പേരൂർക്കട മാല മോഷണക്കേസ്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; പൊലീസിന്റേത് കള്ളക്കഥ

പേരൂർക്കട മാല മോഷണക്കേസിൽ വഴിത്തിരിവ്. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്ന് ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്. പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെതാണ് കണ്ടെത്തൽ.

വീട്ടുജോലിക്കാരിയായ ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലിസ് മെനഞ്ഞ കഥയാണ് ചവർ കൂനയിൽ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മാല പിന്നീട് ഓമന ഡാനിയേൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കാണാതായ മാല വീടിൻ്റെ പിന്നിലെ ചവർ കൂനയിൽ നിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂർക്കട പൊലീസിന്റെ കഥ നുണയാണ്. ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറും അറിഞ്ഞിരുന്നു എന്നും, രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ദളിത് യുവതിയ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ്എച്ച്ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടിവേണമെനും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. പൊലീസിന് നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി.