ആലപ്പുഴ: ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരേ പരാതികളുടെ പ്രളയമാണ്. ഇയാള്‍ കോന്നി സിഐയായിരുന്ന സമയത്ത് അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന് തണ്ണിത്തോടാണ് ആദ്യം വന്നത്. ഇതിനു പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നെല്ലാം ഇയാള്‍ക്കെതിരേ പരാതികളുയര്‍ന്നിട്ടുണ്ട്.
തൊടുപുഴ മലങ്കര സ്വദേശി വി.കെ മുരളീധരനാണ് ഏറ്റവും ഒടുവില്‍ പരാതിയുമായെത്തിയത്. തൊടുപുഴ ഡിവൈഎസ്പിയായിരുന്ന സമയത്ത് മധു ബാബു ഓഫീസില്‍വെച്ച് മര്‍ദിച്ചു എന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മുരളീധരന് ആരോപിച്ചു.
2022 ഡിസംബര്‍ 21-ന്, പരാതി നല്കാന് ഓഫീസിലെത്തിയപ്പോഴാണ് ഡിവൈഎസ്പി മധു ബാബു തന്നെ ക്രൂരമായി മര്‍ദിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. പോലീസ് വയര്‍ലെസ് വെച്ച് എറിഞ്ഞെന്നും നെഞ്ചത്തും ചെവിക്കല്ലിനും അടിയേറ്റതായും കസേരയോടെ മറിഞ്ഞുവീണതായും മുരളീധരന് പറയുന്നു. ഈ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഇദ്ദേഹം പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാതിരുന്നതോടെ മുരളീധരന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആദ്യം വയര്‍ലെസ് വെച്ച് എറിഞ്ഞപ്പോള്‍ കസേരയോടുകൂടി മറിഞ്ഞുവീഴുകയും, വീണ തന്നെ പോലീസ് ഉദ്യോഗസ്ഥരും അന്ന് കൂട്ടിന് വന്നവരും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു കൊണ്ടുവരുന്ന വഴി ഡിവൈഎസ്പി ഓടിവന്ന് നെഞ്ചത്ത് ചവിട്ടുകയും ചെയ്തുവെന്നും മുരളീധരന് പറയുന്നു. അതോടെ താന്‍ വീണ്ടും നിലത്തുവീണു. വീണ്ടും പോലീസുകാര്‍ പിടിച്ചുയര്‍ത്തിയപ്പോള്‍ ഡിവൈഎസ്പി രണ്ടു കൈയും ചുരുട്ടി തന്റെ ചെവിക്കല്ലിന് ഇടിച്ചുവെന്നും മുരളീധരന് പറഞ്ഞു.



