ജറുസലേമില്‍ ഓടിക്കൊണ്ടിരിക്കെ ബസില്‍ വെടിവെപ്പ്, 6 പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്

ജറുസലേം: വടക്കൻ ജറുസലേമില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നടന്ന വെടിവെപ്പില്‍ 6 പേർ കൊല്ലപ്പെട്ടു. 12 ലധികം പേർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് പേരാണ് വെടിയുതിർത്തത്. ഇവർ പലസ്തീൻ വംശജരാണെന്ന് ഇസ്രയേല്‍ പോലീസ് അറിയിച്ചു. ബസിനുള്ളിലുണ്ടായിരുന്ന ആക്രമികള്‍ പുറത്തേക്കും ബസിനുള്ളിലും വെടിവെപ്പ് നടത്തിയെന്നാണ് വിവരം. അക്രമികളായ രണ്ട് പേരെയും പോലീസ് ഉദ്യോഗസ്ഥരും സിവിലിയന്മാരും ചേർന്ന് ഉടൻ തന്നെ വെടിവെച്ച്‌ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ 50 വയസ്സുള്ള ഒരു പുരുഷനും സ്ത്രീയും 30 വയസ്സുള്ള മൂന്ന് പുരുഷന്മാരുമാണുള്ളതെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രയേല്‍ ഗാസയില്‍ അടക്കം നടത്തുന്ന ആക്രമണങ്ങളോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസ് പ്രതികരിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടില്ല. സംഭവസ്ഥലം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. ഗാസയിലെ നിലവിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും സമാനമായ ആക്രമണങ്ങള്‍ വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവസ്ഥലം സന്ദർശിച്ചു. ഇസ്രയേല്‍ ‘ഭീകരതയ്ക്കെതിരായ ശക്തമായ യുദ്ധത്തിലാണ്’ സന്ദർശനത്തിന് ശേഷം നെതന്യാഹു പ്രതികരിച്ചു.

ഭീകരതയ്ക്കെതിരായ ശക്തമായ യുദ്ധമാണ് എല്ലാ ഭാഗത്തും നടക്കുന്നത്. ഭീകരർ വന്ന ഗ്രാമങ്ങളെ ഞങ്ങള്‍ ഇപ്പോള്‍ പിന്തുടരുകയും വളയുകയുമാണ്. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള പലസ്തീനികളാണ് രണ്ട് ഭീകരരും. റാമല്ലയുടെ തെക്കുകിഴക്കുള്ള ഖത്തന്ന, അല്‍-ഖുബൈബ പട്ടണങ്ങളില്‍ നിന്നുള്ളവരാണ് ഇവർ’ നെതന്യാഹു പറഞ്ഞു.

‘ഗാസ മുനമ്ബില്‍ പോരാട്ടം തുടരുകയാണ്. ഞങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ഹമാസിനെ നശിപ്പിക്കുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യും’ ഇസ്രയേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.