ചെങ്കടലിലെ ആഴക്കടലില്‍ കേബിളുകള്‍ തകരാറിലായത് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ ബാധിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലും മറ്റ് ചില ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെ കാര്യമായി ബാധിച്ചത്.
പാകിസ്താനിലാണ് ഇത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരിക്കുന്നത്. എങ്ങനെയാണ് ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായതെന്ന് സ്ഥിരീകരണമില്ലെങ്കിലും ഇതിന് പിന്നില്‍ ഹൂതി വിമതരാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കാന്‍ ഹൂതികള്‍ ചെങ്കടലിലെ കേബിളുകള്‍ നശിപ്പിച്ചേക്കുമെന്ന് നേരത്തെ ചിലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഹൂതികള്‍ ഇക്കാര്യം നിഷേധിച്ചു.
ഗാസ മുനമ്പിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമിക്കുന്ന ഹൂതികള്‍ ചെങ്കടലില്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് കേബിളുകള്‍ ലക്ഷ്യമിട്ടെന്നാണ് ആശങ്ക. എന്നാല്‍ ലൈനുകള്‍ ആക്രമിച്ചിട്ടില്ലെന്നാണ് ഹൂതികളുടെ വാദം.
സൗദി അറേബ്യയിലെ ജിദ്ദയ്ക്ക് സമീപമുള്ള SMW4, IMEWE കേബിള്‍ സംവിധാനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ലോകമെമ്ബാടുമുള്ള ഇന്റർനെറ്റ് സേവനങ്ങള്‍ നിരീക്ഷിക്കുന്ന വാച്ച്ഡോഗ് ഓർഗനൈസേഷനായ നെറ്റ്ബ്ലോക്സ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്റർനെറ്റ് തടസ്സങ്ങളെക്കുറിച്ച് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം രാജ്യത്തിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ഡു, എത്തിസലാത്ത് നെറ്റ്വർക്കുകളില് ഇന്റർനെറ്റിന്റെ വേഗത കുറവാണെന്ന് യുഎഇ ഇന്റർനെറ്റ് ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ സർക്കാർ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
ഇന്റർനെറ്റ് വേർപ്പെടുത്തിയതിന് പിന്നില്‍ ഹൂതികളാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് യമനിലെ ഹൂതി വിമതർക്ക് ബന്ധമുണ്ടായിരുന്നു. 2024ന്റെ ആദ്യ പാദത്തില്‍ ചെങ്കടലിനടിയിലെ കേബിളുകള്‍ ആക്രമിക്കാൻ ഹൂതികള്‍ പദ്ധതിയിട്ടിരുന്നതായി യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ ആരോപിച്ചിരുന്നു. അവയില്‍ പലതും ഇതിനകം വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഹൂതികള്‍ നിഷേധിക്കുകയാണുണ്ടായത്.



