കുന്നംകുളത്തെ മൂന്നാം മുറയ്ക്ക് പിന്നാലെ തൃശൂർ പീച്ചിയിലും കാക്കി കാടത്തം. തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ ഉടമയുടെ മകനെയും മനേജറെയും പൊലീസ് മർദിക്കുന്ന ദൃശ്യം പുറത്ത്.
ബിരിയാണിക്ക് രുചിയില്ലെന്ന് പറഞ്ഞ് നല്കിയ പരാതിയിലാണ് പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പിന്റെ മകനെയും ഹോട്ടല്‍ മാനേജരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മർദിച്ചത്. 2023 മെയ് 24 നാണ് സംഭവം നടന്നത്. ഹോട്ടല്‍ ഉടമ നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. പീച്ചി എസ്ഐ പി എം രതീഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു മർദനം. ഔസേപ്പിനെയും മകൻ പോള്‍ ജോസഫിനെയും സ്റ്റേഷനില്‍ എത്തിച്ചാണ് ഉദ്യോഗസ്ഥർ മർദിച്ചതും അപമാനിച്ചതും. ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ആണ് വിവരാവകാശ നിയമപ്രകാരം ഔസേപ്പിന് സ്റ്റേഷനില്‍ നടന്ന മർദനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. വിവരാകാശ പ്രകാരം ദൃശ്യങ്ങള്‍ക്ക് അപേക്ഷ എങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു. ഒടുവില്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്കാന് പൊലീസ് തയ്യാറായത്. മര്‍ദിച്ച എസ്ഐയെക്കൂടി പ്രതിചേര്‍ക്കാന്‍ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.



