കൊച്ചി: ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. എറണാകുളം കോതമംഗലത്താണ് സംഭവം. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വർഗീസിന്റെ കിണറ്റിലാണ് ആന വീണത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കിണറിന്റെ വശം ഇടിച്ച് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഉച്ചയോടെ ആനയെ പുറത്തെത്തിക്കാനായത്. തുടർന്ന് ആന വനത്തിലേയ്ക്ക് കയറി. ആനയുടെ ശരീരത്തില്‍ ചെറിയ പരിക്കുകള്‍ ഉണ്ടെന്നാണ് വിവരം.
പത്ത് വയസുവരുന്ന കൊമ്പനാണ് കിണറ്റില്‍ അകപ്പെട്ടത്. ഇന്നുരാവിലെയാണ് പ്രദേശവാസികള്‍ കിണറ്റിനുള്ളില്‍ ആനയെ കണ്ടത്. തുടർന്ന് വന്യജീവി സംഘർഷത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റിവിടില്ലെന്ന് പറഞ്ഞ് എംഎല്‍എ ആന്റണി ജോണിന്റെ നേതൃത്വത്തില്‍ നാട്ടുകാർ പ്രതിഷേധിച്ചു. കളക്‌ടർ സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധത്തെത്തുടർന്ന് കിണറിടിച്ച് ആനയെ കരയ്ക്കുകയറ്റുന്ന രക്ഷാദൗത്യം നിർത്തിവച്ചിരുന്നു.
കിണറിന്റെ ഉടമയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നതില്‍ ഡിഎഫ്‌ഒയെ ചുമതലപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു. സോളാർ ഫെൻസിംഗിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും. അതിനായുള്ള പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കളക്‌ടർ ഉറപ്പുനല്‍കി. തുടർന്നാണ് പതിനൊന്ന് മണിയോടെ രക്ഷാദൗത്യം പുനഃരാരംഭിച്ചത്.



