ഇരട്ട തുരങ്കപാത വരുന്നു; ആദ്യം നിര്‍മാണം വയനാട് ഭാഗത്ത്, ഒപ്പം 5 പാലങ്ങളും

കോഴിക്കോട്: വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുള്ള ഇരട്ട തുരങ്ക പാതയുടെ നിര്‍മാണം തുടങ്ങുന്നു. പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന പദ്ധതിയാണിത്. ദൂരം കുറയും, സമയം ലാഭം, ചരക്കുകള്‍ വേഗം എത്തിക്കല്‍, ടൂറിസം തുടങ്ങി ബഹുമുഖ ലാഭമുള്ള പദ്ധതിയാണിത്.

തുരങ്കത്തിന്റെ 5.58 കിലോമീറ്റര്‍ ദൂരം വയനാട് ജില്ലയിലാണ്. 3.15 കിലോമീറ്റര്‍ കോഴിക്കോട് ജില്ലയിലും. നാല് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. തിരുവമ്ബാടിയിലെ ആനക്കാംപൊയിലില്‍ നിന്ന് തുടങ്ങി കള്ളാടി മേപ്പാടി വഴിയാണ് പാത വരുന്നത്. അപ്രോച്ച്‌ റോഡ് ഉള്‍പ്പെടെയാണ് പാത. ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെ രണ്ട് പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്.

ഇരട്ട തുരങ്കപാതയെ കുറിച്ച്‌ മന്ത്രി ഒആര്‍ കേളു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം- ”വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടിമേപ്പാടി തുരങ്കപാത നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാകും. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ബഹു.കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വഹിക്കുകയാണ്.

മലബാറിന്റെ വികസനത്തിന് പ്രധാന പങ്കു വഹിക്കുന്ന, പതിറ്റാണ്ടുകളായി ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയാണിത്. താമരശ്ശേരി ചുരം റോഡ് പ്രധാനമായും വനഭൂമിയിലൂടെ കടന്നു പോകുന്നതിനാല്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വലിയ പരിമിതിയുണ്ട്. അതുകൊണ്ടാണ് ബദല്‍ സംവിധാനം എന്നകാര്യം പരക്കെ ചര്‍ച്ചചെയ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വന്നിരുന്നു. പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ അത്തരം സാധ്യതകളെ ഇല്ലാതാക്കി. പിന്നീടാണ് തുരങ്കപാത എന്ന ആശയം ഉടലെടുക്കുന്നത്.

മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച്‌ റോഡ് ഉള്‍പ്പെടെ 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയില്‍ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും. ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും.

പദ്ധതിക്കായി 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റര്‍ വനമേഖലയിലൂടെയും 2964 മീറ്റര്‍ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയില്‍ വയനാട് ജില്ലയില്‍ 8.0525 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയില്‍ 8.1225 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു കൈമാറി. വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയില്‍-മുത്തപ്പന്‍പുഴ-മറിപ്പുഴ റോഡ് എന്നീ രണ്ട് റോഡുകള്‍ തുരങ്ക പാതയുമായി ബന്ധിപ്പിക്കും. കള്ളാടിയില്‍, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പില്‍ നിന്ന് 851 മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം ഉണ്ടാവുക.

തുരങ്കപാതയുടെ നിര്‍മാണം ആദ്യം തുടങ്ങുക വയനാട് ഭാഗത്താണെന്ന് പദ്ധതി യുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) ആയ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു . കള്ളാടി, മീനാക്ഷി പാലത്തിന് സമീപം രണ്ടാഴ്ച്ചയായി നിലം നിരപ്പാക്കുന്ന പ്രവൃത്തി നടക്കുകയാണ്. തുടര്‍ന്ന് ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ നടക്കും. ഇതിനുള്ള ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞു. തുരങ്കത്തിന്റെ ഡിസൈന്‍ ആണ് ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷനിലൂടെ തയ്യാറാക്കുന്നത്.