മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ എങ്ങനെയാണ് പിടികൂടിയതെന്ന് വിവരിച്ചുകൊണ്ടുള്ള പോലീസ് ഓഫീസറുടെ വാർത്താ സമ്മേളനം ശ്രദ്ധ നേടുന്നു.
പ്രതികള്‍ ധരിച്ചിരുന്ന 43.6 ലക്ഷം രൂപ (50,000 ഡോളർ) വില വരുന്ന മാല ധരിച്ചാണ് പോലീസുകാരൻ പ്രതികളെ പിടികൂടാൻ നടത്തിയ ഓപ്പറേഷനെക്കുറിച്ച് വിവരിച്ചത്. പോള്‍ക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജഡാണ് പ്രതികളുടെ സ്വർണ്ണമാല ധരിച്ചുകൊണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കഴുത്തിലെ സ്വർണ്ണമാല പെട്ടെന്ന് ശ്രദ്ധ നേടുകയും ചിത്രങ്ങള്‍ സൈബറിടത്ത് വൈറലാവുകയും ചെയ്തു.
‘താനും ഇപ്പോള്‍ അവരുടെ സ്റ്റൈലായി’ എന്നും പറഞ്ഞുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥൻ ഈ മാല ധരിച്ചിരിക്കുന്നത്. ‘ഞാനും ഇപ്പോള്‍ അവരുടെ സ്റ്റൈലായി. ഞങ്ങള്‍ക്ക് അവരുടെ പണം കിട്ടി. അവരുടെ തോക്കുകള്‍ കിട്ടി. ഞങ്ങള്‍ക്ക് അവരുടെ മയക്കുമരുന്നും കിട്ടി. അതിനെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കാൻ പോകുന്നത്’ എന്നാണ് പോലീസ് ഉദ്യോഗസ്ഥൻ ഈ ലുക്കില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഈ ആഭരണം ധരിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. നൂറുകണക്കിന് കമന്റുകളാണ് ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ദൃശ്യങ്ങള്‍ കണ്ട പലരും പോലീസുകാരനെ കണ്ട് ചിരിക്കുകയാണ് ചെയ്തത്.
ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ധാരാളം ആളുകള്‍ പോലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തിക്ക് അനുകൂലമായും പ്രതികൂലമായുമുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഈ പൊലീസുദ്യോഗസ്ഥൻ ഫ്ലോറിഡയുടെ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കണമായിരുന്നു’ എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. മറ്റൊരാളാട്ടെ ‘ഇയാളെ കാണാൻ വേണ്ടി അങ്ങോട്ട് പോകണം എന്ന് തോന്നുന്നു, അത്രയും അയാളെന്നെ ചിരിപ്പിച്ചു’ എന്നാണ് അഭിപ്രായപ്പെട്ടത്. ഇതുപോലെയുള്ള പോലീസുകാരാണ് നമ്മുടെ രാജ്യത്തിന് ആവശ്യമെന്നാണ് മറ്റൊരു സമൂഹ മാധ്യമ ഉപയോക്താവ് പറഞ്ഞത്.




