റഷ്യൻ ആണവനിലയത്തിൽ യുക്രെയ്നിന്റെ ആക്രമണം; കുർസ്ക് ആണവനിലയത്തിനു തീപ്പിടിച്ചു

മോസ്കോ: യുക്രൈൻ ഞായറാഴ്ച നടത്തിയ ഡ്രോണാക്രമണത്തില്‍ റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനു തീപ്പിടിച്ചു.

നിലയത്തിലെ ഒരു ഓക്സിലിയറി ട്രാൻസ്ഫോമറിന് കേടുപറ്റുകയും റിയാക്ടറുകളൊന്നിന്റെ പ്രവർത്തനശേഷിയില്‍ 50 ശതമാനം കുറവുണ്ടാകുകയുംചെയ്തു. ഉസ്ത് ലൂഗയിലെ നോവാടെക്കിന്റെ ഒരു ഇന്ധനക്കയറ്റുമതി ടെർമിനലിലും യുക്രൈൻ ആക്രമണത്തില്‍ തീപ്പിടിച്ചു. ആണവവികിരണതോത് സാധാരണനിലയിലാണെന്നും തീപ്പിടിത്തങ്ങളില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 1991-ല്‍ യുക്രൈൻ സോവിയറ്റ് യൂണിയനില്‍നിന്ന് സ്വതന്ത്രമായതിന്റെ വാർഷികദിനത്തിലായിരുന്നു ആക്രമണം.

റഷ്യയുടെ വിവിധഭാഗങ്ങളിലായി ഞായറാഴ്ച 95 യുക്രൈൻ ഡ്രോണുകളെങ്കിലും തടഞ്ഞതായി റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. യുക്രൈൻ അതിർത്തിയില്‍നിന്ന് 60 കിലോമീറ്റർ മാത്രം അകലെയുള്ള കുർസ്ക് ആണവനിലയത്തെ ലക്ഷ്യമാക്കിവന്ന ഡ്രോണിനെ വ്യോമപ്രതിരോധസംവിധാനം തടഞ്ഞിരുന്നു. എന്നാല്‍, മൂന്നാം ആണവറിയാക്ടറിനു സമീപം വീണ ഡ്രോണ്‍ പൊട്ടിത്തെറിക്കുകയും നിലയത്തിന് തീപിടിക്കുകയുംചെയ്തു. തെക്കൻ റഷ്യൻ നഗരമായ സിസ്സറാനില്‍നടന്ന യുക്രൈൻ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെക്കുറിച്ച്‌ അറിഞ്ഞിട്ടുണ്ടെന്നും എല്ലാ ആണവനിലയങ്ങളും എല്ലാസമയവും സുരക്ഷിതമായിരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ ഏജൻസി പറഞ്ഞു.

റഷ്യയിലെ ലക്ഷ്യങ്ങള്‍ തകർക്കാൻ യുഎസ് നിർമിത ദീർഘദൂര ആർമി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റംസ് (അറ്റാകെംസ്) ഉപയോഗിക്കുന്നതിന് പെന്റഗണ്‍ യുക്രൈന് നിയന്ത്രണമേർപ്പെടുത്തിയെന്ന് ‘വോള്‍സ്ട്രീറ്റ് ജേണല്‍’ റിപ്പോർട്ട് ചെയ്തു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഈ നടപടി. ഈ മാസം 15-ന് അലാസ്കയിലായിരുന്നു കൂടിക്കാഴ്ച.

അതിനുശേഷം 18-ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രണ്ട് ചർച്ചകള്‍ക്കു ശേഷവും വെടിനിർത്തല്‍ തീരുമാനം ഉണ്ടായിട്ടില്ല. 305 കിലോമീറ്റർ ദൂരപരിധിയുള്ള അറ്റാകെംസ് റഷ്യയില്‍ ഉപയോഗിക്കുന്നതിന് ജോ ബൈഡൻ സർക്കാരാണ് യുക്രൈന് അനുമതി നല്‍കിയത്. റഷ്യയ്ക്കുള്ളില്‍ യുഎസിന്റെ ആയുധങ്ങള്‍ ഉപയോഗിക്കാൻ അനുവദിച്ച തീരുമാനം അബദ്ധമാണെന്ന് പ്രസിഡന്റായി സ്ഥാനമേല്‍ക്കുംമുൻപ് ട്രംപ് പറഞ്ഞിരുന്നു.