ഇടുക്കി:കുമളി ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയിട് മുകളിലേക്ക് വൻ മരം വീണ് ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത്. പാലായില്‍ നിന്ന് പെരിയകുളത്തേക്ക് തടി ലോഡുമായി പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

ലോറിയുടെ ഡ്രൈവര്‍ വിപിനെയും ഇവര്‍ക്കൊപ്പം തേനിക്ക് പോവുകയായിരുന്ന ഡ്രൈവറുടെ സുഹൃത്ത് റോഷനെയും നാട്ടുകാര്‍ വണ്ടിയുടെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി. റോഷന് പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ സഹായിയായി ജോലി ചെയ്തിരുന്ന ശ്രീജിത്തിനെ പുറത്തെടുക്കാനായത്.
തടി നിറച്ചെത്തിയ ലോറിയില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ ഭക്ഷണം കഴിക്കാനായി ഇറങ്ങി. മറ്റുരണ്ടുപേര്‍ ലോറിയില്‍ത്തന്നെ ഇരുന്നു. ഇതിനിടെയാണ് മരം ലോറിക്കു മുകളില്‍ പതിച്ചത്. ഒരാളെ ചെറിയ പരിക്കുകളോടെ ഉടന്‍തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാല്‍, രണ്ടാമത്തെയാളെ രക്ഷപ്പെടുത്താൻ ലോറിയിലെ ഇരിപ്പിടത്തിനു മുകളിൽ നിറഞ്ഞ ശിഖരങ്ങൾ തടസ്സമായി. തുടർന്ന് ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമിച്ചാണ് ചില്ലകൾ വെട്ടിമാറ്റിയത്.
ശ്രീജിത്തിനെ പുറത്തെടുത്തപ്പോൾത്തന്നെ അനക്കമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റയാളെ കുമളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലോറിക്കു പുറമേ ബസ്സിനുമുകളിലും മരം പതിച്ചിരുന്നു.
മൃതദേഹം കുമളി ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്നാട് അതിര്‍ത്തിയില്‍ നടന്ന സംഭവമായതുകൊണ്ട് നാളെ തമിഴ്നാട് കമ്പത്ത് എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.




