പത്രാധിപ ലേഖനം
പി.വി. അൻവറിൻ്റെ സമ്മർദ്ദരാഷ്ട്രീയത്തെ കോൺഗ്രസ് ഭിത്തിയിൽ തേച്ച് ഒട്ടിച്ചു. പിണറായിയുടെ തണലിൽ നേതാവായി. വളർന്ന് വലുതായി. എം.എൽ.എ ആയി. കച്ചവടം മാത്രം ലക്ഷ്യം. പിതാവ് കോൺഗ്രസുകാരനായിരുന്നെന്ന് പറഞ്ഞു കേൾക്കുന്നു. പിണറായിയോട് ഒട്ടിനിന്ന് തൻ്റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്താൻ നോക്കി. വിജയിച്ചില്ല. പരിസ്ഥിതിക്ക് കോട്ടം വരുത്തിക്കൊണ്ട് പണിത ഡാമും അനുബന്ധ സംവിധാനങ്ങളും പൊളിക്കാൻ കോടതി ഉത്തരവിട്ടതോടുകൂടി സി.പി.എമ്മിനും പിണറായിക്കും ഒന്നും ചെയ്യാനാവാതെയായി.
നിയമ സഭയിൽ പോലും എത്താതെ ആഫ്രിക്കയിൽ സ്വർണം തപ്പിപ്പോയ മുതലാണ് ഈ അൻവർ.സാമൂഹ്യ പ്രതിബദ്ധതയോ എം എൽ എ എന്ന ഉത്തരവാദിത്വമോ വഹിക്കാതെ കച്ചവടം ലാക്കാക്കിനടന്ന അൻവറിനെ തള്ളിക്കളയുക എന്നത് കാലത്തിൻെറ ആവശ്യമാണ്.
ഇത്തരത്തിൽ ഒരു തിരുമാനം എടുക്കുന്നതിലൂടെ കോൺഗ്രസിൻെറ ഇമേജ് വർദ്ധിക്കുകയേ ഉള്ളു. അതല്ലെങ്കിൽ കോൺഗ്രസ് പരമ്പര്യത്തിൻെറ മുഖത്ത് കരിവാരിതേക്കുന്നതിന് സമമായേനെ.
സ്വന്തം തൽപ്പര്യം സംരക്ഷിക്കപ്പെടാനാകാതെ ഇടതുപക്ഷത്തുനിന്ന് ചാടിപ്പോയ അൻവർ ഇന്നല്ലെങ്കിൽ നാളെ മറ്റൊന്ന് പറഞ്ഞ് കോൺഗ്രസിൻെറ കുതികാൽ വെട്ടില്ലെന്നാരു കണ്ടു.
ഞങ്ങളിത് പറയുമ്പോൾ മലപ്പുറം ഡി സി സി പ്രസിഡൻ്റായ വി എസ് ജോയിയും കഴിവുള്ള നേതാവാണ്. മാന്യനാണ്, മര്യാദക്കാരാനാണ്. അഴിമതിയുടെ ഏഴയലത്തു പോലും ജോയിയെ കണ്ടെത്താനാവില്ല.
കോൺഗ്രസ് ജോയിക്ക് മാന്യമായ പൊസിഷനുകൾ പിന്നാലെ നൽകി ആദരിക്കും എന്നതിന് സംശയം വേണ്ട. അൻവർ ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ച മാതൃകാ നേതാവൊന്നുമല്ല. അദ്ദേഹം എന്തോ വലിയൊരു സംഭവമാണെന്ന് വരുത്തിത്തീർക്കാൻ സ്വയം കത്തിച്ച ഗീർവാണം കോൺഗ്രസ് കണ്ടതേ ഇല്ല.
പിണറായിയെ മൂടോടെ പിഴുതെറിയാൻ യു.ഡി.എഫ് മതി. അൻവറിൻ്റെ അക്കൗണ്ടിൽ അത് വേണ്ട. അൻവറിൻെറ ‘കച്ചവടം’ രാഷ്ട്രീയത്തിൽ വിളയില്ലെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം തെളിയിച്ചതിൽ ഓരോ പ്രവർത്തകർക്കും അഭിമാനിക്കാം.
അൻവറിൻെറ വാക്ക് കേട്ട് കോൺഗ്രസ് ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ നട്ടെല്ലില്ലാത്ത പാർട്ടിയെന്ന് അണികൾ തന്നെ പറയേണ്ടി വരുമായിരുന്നു.കാരണം സാധരണക്കാരൻെറ പ്രശ്നങ്ങളോ,കർഷകരുടെ ജീവൽ പ്രശ്നങ്ങളോ അൻവറിന് പഥ്യമാകണമെന്നില്ല.
ജനങ്ങളെ അടുത്തറിഞ്ഞ് അവരോട് ചേർന്ന് നിന്ന് നാടിൻെറ ആവശ്യങ്ങൾക്ക് മുന്നിട്ടിറങ്ങുന്നവരാണ് നല്ല രാഷ്ട്രീയ നേതാക്കൾ .അല്ലാതെ സ്വന്തം കാര്യം സിന്ദാബാദ് എന്ന നയം’ ഒരു രാഷ്ട്രീയക്കാരനും ഭൂഷണമല്ല.
-കെ.എന്‍.ആര്‍.




