എംഎസ്‌സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി; ശേഷിച്ച 3 പേരെയും നാവികസേന രക്ഷപ്പെടുത്തി

അറബിക്കടലില്‍ ചരിഞ്ഞ കപ്പല്‍ എംഎസ്‌സി എല്‍സ പൂര്‍ണമായും കടലില്‍ താഴ്ന്നു. കപ്പലിലെ ക്യാപ്റ്റനടക്കം അവശേഷിച്ച മൂന്നുപേരെയും രക്ഷപ്പെടുത്തി. നാവികസേനയുടെ ഐഎന്‍എസ് സുജാതയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകള്‍ കടലിലേക്ക് തെറിച്ചു. അതേസമയം, കപ്പലില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ അടിയാന്‍ കൂടുതല്‍ സാധ്യത എറണാകുളം, ആലപ്പുഴ തീരങ്ങളിലെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പ്.

കാർഗോയിൽ മറൈൻ ഗ്യാസ് ഓയിൽ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണയാണ് മറൈൻ ഗ്യാസ് ഓയിൽ. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനങ്ങൾ ഒരുകാരണവശാലും ഇത് തുറക്കുകയോ സ്പർശിക്കുകയോ ചെയ്യരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കപ്പലില്‍ ഏകദേശം 400 കണ്ടെയ്‌നറുകളുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവയെല്ലാം അപകടകരമായ ചരക്കുകളല്ലെന്നും അധികൃതർ അറിയിച്ചു. തീരത്ത് കണ്ടെയ്നറുകളോ സമാനമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ അവയ്ക്ക് അടുത്ത് പോകരുത്. ഉടൻ തന്നെ 112 എന്ന നമ്പറില്‍ വിവരമറിയിക്കണം. തീരത്ത് എണ്ണപ്പാട് കണ്ടാല്‍ തൊടരുതെന്നും അറിയിപ്പുണ്ട്. 

ചരിഞ്ഞ കപ്പല്‍ നിവര്‍ത്താനും കണ്ടെയ്നറുകള്‍ മാറ്റാനുമായി മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ പുറംകടലിലെത്തിയിരുന്നു. എന്നാല്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് കപ്പല്‍ കടലില്‍ താഴ്ന്നത്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.

കപ്പലിൽ നിന്നുള്ള എണ്ണചോർച്ച മൂലം ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ, കരുനാഗപ്പള്ളി തീരത്തേക്ക് എണ്ണപാട എത്താമെന്നാണ് നിലവിലെ വിലയിരുത്തൽ. ആലപ്പുഴ തീരത്തേക്കെത്താൻ 45% സാധ്യതയുണ്ട്. ആലപ്പാട്, പുറക്കാട്, ചാപ്പക്കടവ് തീരത്താണ് സാധ്യത കൂടുതൽ. കൊല്ലം തീരത്തടിയാൽ 25% സാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്.തീരത്ത് അടിയുന്ന കണ്ടെയ്നർ നീക്കം ചെയ്യുന്നതിനെ കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി തല യോഗം ചർച്ച ചെയ്യും. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്നയോഗം അൽപ്പ സമയത്തിൽ ആരംഭിക്കും. കടലിൽ നിന്നും കണ്ടെയ്നറുകൾ മറ്റൊരു കപ്പലിലേക്ക് പൊക്കിമാറ്റുന്ന സാങ്കേതിക സംവിധാനം നിലവിൽ ഇല്ലെന്നത് തിരിച്ചടിയാണ്.   

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും