ചുഴിയില്‍പ്പെട്ട് കപ്പല്‍ ചരിഞ്ഞു; 10 കണ്ടെയ്നറുകള്‍ കൊച്ചി കടലില്‍, 24 ജീവനക്കാരില്‍ 21 പേരെ രക്ഷിച്ചു

കൊച്ചി: മോശം കാലാവസ്ഥയിലും ചുഴിയിലുമകപ്പെട്ട് ചരക്കുകപ്പലായ എം.എസ്.സി എല്‍സ 3 അറബിക്കടലില്‍ ചരിഞ്ഞു. മറൈൻ ഗ്യാസ് ഓയിലും വെരി ലോ സള്‍ഫർ ഫ്യൂവല്‍ ഓയിലും നിറച്ച പത്ത് കണ്ടെയ്നറുകള്‍ ആഴക്കടലില്‍ പതിച്ചു.

24 ജീവനക്കാരില്‍ 21പേരെ കോസ്റ്റ് ഗാർഡും നേവിയും സംയുക്ത ഓപ്പറേഷനിലൂടെ രാത്രി എട്ടോടെ രക്ഷപ്പെടുത്തി. ക്യാപ്റ്റനും ചീഫ്, സെക്കന്റ് എൻജിനിയർമാരും കപ്പലില്‍ തുടരുകയാണ്. മുഴുവൻ പേരെയും രക്ഷിച്ച്‌ കൊച്ചിയില്‍ എത്തിക്കും. റഷ്യൻ പൗരനാണ്ക്യാപ്റ്റൻ. 20 ഫിലിപ്പീൻസുകാരും രണ്ട് യുക്രെയ്‌ൻ പൗരന്മാരും ഒരു ജോർജിയക്കാരനുമാണ് മറ്റുള്ളവർ.

കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.കി.മി ) അകലെ തെക്കുപടിഞ്ഞാറായി ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകട സാദ്ധ്യതയുള്ളവയാണ് മറൈൻ ഗ്യാസ് ഓയിലും സള്‍ഫർ ഫ്യൂവല്‍ ഓയിലും. കേരള തീരത്തടിയാൻ സാദ്ധ്യതയുള്ള ഈ കണ്ടെയ്‌നറുകള്‍ സ്പർശിക്കാൻ പോലും പാടില്ലെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് ഫീഡർ കപ്പല്‍ 600 കണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്ക് തിരിച്ചത്. തൂത്തുക്കുടിയില്‍ നിന്ന് വിഴിഞ്ഞത്ത് എത്തിയതാണ്. ഏതാനും കണ്ടെയ്നറുകള്‍ ഇവിടെ ഇറക്കിയ ശേഷം മദർഷിപ്പിലെത്തിയ കണ്ടെയ്നറുകള്‍ കയറ്റുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.30ന് കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. കൊച്ചി തീരത്തേക്ക് അടുക്കവേ ഉച്ചയ്ക്ക് 1. 25 ഓടെ അപകടത്തില്‍പ്പെട്ടു.

ക്യാപ്ടൻ സഹായംതേടി ഇന്ത്യൻ കോസ്റ്റ് ഗാർഡിനും നേവിക്കും വിവരം കൈമാറി. ഉടൻ തന്നെ കോസ്റ്റ് ഗാർഡ് കപ്പലുകളും നേവിയുടെ ഐ.സി.ജി അർണ്‌വേഷ്, ഐ.സി.ജി സക്‌ഷം, ഐ.എൻ.എസ് സുജാത എന്നീ കപ്പലുകളും ഡൊർണിയർ വിമാനവും അപകട സ്ഥലത്തേക്ക് തിരിച്ചു.

സുരക്ഷാജാക്കറ്റ് ധരിച്ച്‌ കടലിലേക്ക് ചാടിയ ഒമ്ബത് ജീവനക്കാരെ ആദ്യം രക്ഷിച്ചു. പിന്നാലെ, കപ്പലിലുണ്ടായിരുന്നവരില്‍ 15 പേരെയും രക്ഷിച്ച്‌ കോസ്റ്റ് ഗാർഡിന്റെ കപ്പലിലേക്ക് മാറ്റി പ്രഥമ ശുശ്രൂഷ നല്‍കി. രണ്ട് കോസ്റ്റ് ഗാർഡ് കപ്പലുകളും നേവിയുടെ വിമാനങ്ങളും കപ്പലിന്റെ സ്ഥിതി നിരീക്ഷിച്ചുവരികയാണ്.

കപ്പല്‍ ഇടതുവശത്തേക്ക് 26 ഡിഗ്രിയാണ് ചരിഞ്ഞത്. പുറങ്കടലില്‍ കപ്പലിന്റെ നില സുരക്ഷിതമാണെന്ന് നേവിയുടെ അറിയിച്ചു. മുങ്ങിപ്പോയേക്കാമെന്ന ആശങ്ക തുടക്കത്തിലുണ്ടായിരുന്നു. മറ്റൊരു കപ്പല്‍ എത്തിച്ച്‌ കണ്ടെയ്‌നറുകള്‍ ഇതിലേക്ക് മാറ്റാനാകുമോ എന്ന് പരിശോധിച്ചുവരികയാണ്.

കണ്ടെയ്നറോ സംശയാസ്പദകരമായ വസ്തുക്കളോ തീരത്തു കണ്ടാല്‍ ഉടൻ പൊലീസിനെയോ അല്ലെങ്കില്‍ 112 എന്ന ഫോണ്‍ നമ്ബറിലോ വിളിച്ച്‌ അറിയിക്കണം. കപ്പലില്‍ നിന്ന് എണ്ണ ചോർച്ചയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ലൈബീരിയയുടെ പതാകയാണ് കപ്പലിന്. ഇതിനർത്ഥം കപ്പല്‍ ലൈബീരിയുടേത് ആയിരിക്കണമെന്നല്ല. നികുതിയിളവ് നേടാൻ ഭൂരിഭാഗം ചരക്കു കപ്പലുകളും ലൈബീരിയയില്‍ രജിസ്റ്റർ ചെയ്യുകയാണ് പതിവ്

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും