‘പത്ത് തവണ വേണമെങ്കിലും മാപ്പ് പറയാം’; സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷാ. അധിക്ഷേപ പരാമർശത്തിന് പിന്നാലെ വലിയ വിമർശനമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. രാജ്യത്തിന് അഭിമാനമായി മാറിയ സോഫിയ ഖുറേഷിക്കെതിരെ പരാമർശം നടത്തിയ കുൻവർ വിജയ് ഷായെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഷായുടെ അപക്വമായ പരാമർശത്തെ ബിജെപിയും വിമ‍ർശിച്ചിരുന്നു. പിന്നാലെയാണ് ഷമാപണവുമായി ഷാ രം​ഗത്തെത്തിയത്.

തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണെന്നും, സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിമർശിച്ചിരുന്നു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്ന് ഖർഗെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

‘ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹോ​ദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവർ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെൺമക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാണ്, എന്നാണ് വിജയ് ഷാ പറഞ്ഞത്. പിന്നാലെ പ്രസം​ഗം വിവാദമായതോടെയാണ് മന്ത്രി ക്ഷമാപണം നടത്തിയത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും